തിരുവനന്തപുരം: ഐടി പാർക്ക് സിഇഒ സ്ഥാനത്ത് നിന്ന് ജോൺ എം തോമസ് സ്ഥാനമൊഴിയുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്. അതേസമയം സ്ഥാനമൊഴിയാനുള്ള ജോൺ എം തോമസിന്റെ തീരുമാനത്തിന് പിന്നിൽ ഐടി പാർക്കുകളിൽ പബ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.
പബ് തുടങ്ങുന്നതടക്കം ഐടി മേഖലയിൽ നിർണായക പരിഷ്കാരങ്ങൾ സർക്കാർ നടപ്പിൽ വരുത്താൻ ആലോചിക്കുന്നതിനിടെയാണ് സിഇഒ സ്ഥാനമൊഴിയുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രധാന ഐടി പാർക്കുകളുടെ നേതൃത്വം വഹിക്കുന്നത് ജോൺ എം തോമസാണ്.
ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും ഇലക്ട്രോണിക്സ് ആൻഡ് ഐടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പറഞ്ഞു.
ഐടി പാർക്കുകളുടെ സിഇഒ സ്ഥാനത്തിന് പുറമെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ സിഇഒ സ്ഥാനവും അധിക ചുമതലയായി ജോൺ എം തോമസ് വഹിക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിലും ഐടി പാർക്കുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിർണായക ആലോചനകൾ നടക്കുന്ന ഘട്ടത്തിൽ കൂടിയാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. സർക്കാരിന്റെ ഈ നീക്കത്തിന് രാജി തടസമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ടെക്നോ പാർക്കിന്റെ നാലാം ഘട്ട വികസനത്തിൽ ഉൾപ്പെടുത്തി ടെക്നോസിറ്റി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. 390 ഏക്കർ സ്ഥലത്ത് നിരവധി കെട്ടിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബ്രഹത് പദ്ധതിയാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയേയും അദ്ദേഹത്തിന്റെ രാജി സന്നദ്ധത പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.