Pravasimalayaly

അസ്ഥികള്‍ തളിര്‍ക്കുന്ന കാലം…’ ഒരു മകന്‍ പിതാവിനെ ഓര്‍ക്കുമ്പോള്‍.. ദീപിക ദിനപത്രം ഫോട്ടോഗ്രാഫർ ജോൺ മാത്യു എഴുതുന്നു

ജോണ്‍ മാത്യു-ദീപിക ദിനപത്രം ന്യൂഡല്‍ഹി.
…………………………………………
ന്യൂഡല്‍ഹി

മാര്‍ച്ച് 5-അപ്പന്റെ ഓര്‍മ്മ ദിനമായിരുന്നു. വേര്‍പാടിന്റെ 12-ാം വര്‍ഷം. എന്റെ ആദര്‍ശ ദമ്പതികളായിരുന്നു അപ്പനും അമ്മയും. അവര്‍ കാണിച്ച ജീവിതപ്പാതയും ആദര്‍ശങ്ങളും എന്റെ രണ്ട് മക്കളും പിന്തുടരണം എന്നാശിക്കുകയാണ്. ഏവരോടും സ്‌നേഹത്തോടും സഹാനുഭൂതിയോടും പെരുമാറാന്‍ ഉപദേശിച്ചു അപ്പന്‍, നിന്റെ മുന്നില്‍ വരുന്നവന്‍ ഭിക്ഷക്കാരനായാലും അവനെ മനുഷ്യനായി കാണുക, നിന്നെപ്പോലെ ശരീരവും മനസ്സും, ദൈവം നല്‍കിയ ആത്മാവും അവനുമുണ്ടെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക. ജീവിതാസ്ഥകളാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്. മനുഷ്യന്‍ എന്ന ജീവിതത്തിന്റെ അടിസ്ഥാനം എന്നും ഒന്നാണ്.

മകന്‍ ജോലി ചെയ്യുന്ന ഇന്ത്യയുടെ തലസ്ഥാന നഗരി വന്ന് കാണണമെന്ന് ആഗ്രഹം പറഞ്ഞു ഒരിക്കല്‍. പാര്‍ലെമന്റും ഇന്ത്യ ഗേറ്റും, ചെങ്കോട്ടയും മറ്റും ചുറ്റി നടന്ന് കാണണം. ആഗ്രഹം സാധിച്ചുകൊടുക്കാന്‍ അന്ന് സാധിച്ചില്ല, അതോര്‍ക്കുമ്പോള്‍ ദു:ഖമുണ്ട്. മകന്റെ ജീവിതാവസ്ഥകള്‍ നന്നായി അറിയാവുന്ന അപ്പന്‍ ഒരിക്കലും പരാതി പറഞ്ഞില്ല. ദീപികയുടെ ഡല്‍ഹി ബ്യൂറോയിലേക്ക് അപ്പനയച്ച അവസാനത്തെ കത്ത് ഞാന്‍ ഇപ്പോഴും കൈയ്യിലുണ്ട്. ഒപ്പം കുറെയേറെ മണി ഓര്‍ഡര്‍ സ്ലിപ്പുകളും. എല്ലാം ചെറിയ തുകകളാണ്. അവസാനം അയച്ച കത്തിലെ വടിവില്ലാത്ത അക്ഷരങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ് ..’ ദൈവത്തിന് സ്തുതി..മകനെ നിനക്ക് സുഖമാണോ…പണം അയച്ചില്ലേലും സാരമില്ല നീ സമയത്ത് ഭക്ഷണം കഴിക്കണം..ആരോഗ്യം നോക്കണം. എനിക്കും നിന്റെ അമ്മയ്ക്കും സുഖമാണ്’.

ദീപിക ഡല്‍ഹി ബ്യൂറോ ന്യൂസ് ഫോട്ടോഗ്രഫര്‍ ജോണ്‍ മാത്യുവും മാതാപിതാക്കളായ കാഞ്ഞിരത്താനം മേലേടത്തുപറമ്പില്‍ മത്തായി ഔസേപ്പ്, ത്രേസ്യ മത്തായി.

അന്യനാട്ടില്‍ കഷ്ടപ്പെട്ട് കോടാനുകോടികള്‍ സമ്പാദിച്ച അപ്പനെ, മകന്‍ അദ്ദേഹത്തിന്റെ തോക്ക് കൊണ്ട് വെടിവെച്ച് കൊന്നത് നാം വായിച്ചു. അപ്പന്റെ ശവവുമായി, ആദ്ദേഹം സമ്മാനിച്ച ആഡംബരക്കാറില്‍ നാടും നഗരവും ചുറ്റി നടന്ന് ഒടുവില്‍ തൂമ്പകൊണ്ട് ശരീരം വെട്ടി നുറുക്കി പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം തല വേര്‍പെടുത്തി മറ്റൊരിടത്ത് ഉപേക്ഷിച്ചത് കൂസലില്ലാതെ വിവരിച്ച മകനെക്കുറിച്ചും നാം വായിച്ചു.
ജാരനെയും, കാമുകനെയും നഷ്ടപ്പെടാതിരിക്കാന്‍ പ്രായപൂര്‍ത്തിയായ സ്വന്തം മകളെ…പിഞ്ചു ബാലികമാരെ കാമുകനൊപ്പം വിടുന്ന മലയാളി അമ്മമാരുടെ കഥകളുമായി ദിനംപ്രതി വര്‍ത്തമാനപ്പത്രങ്ങളും ചാനലുകളും നമ്മുടെ മുന്നിലെത്തുന്നു. ഒന്നിലധികം മക്കളുള്ള വൃദ്ധ ദമ്പതികള്‍ വഴി വക്കില്‍ വിശന്ന് പൊരിഞ്ഞ്, പുഴുവരിച്ച് മരിക്കുന്നത് ഇന്ന് ചരമപേജിലെ ഒരു കോളം വാര്‍ത്തയ്ക്കപ്പുറം വലിയ കാര്യമല്ല. മാതാപിതാക്കളെ പട്ടിക്കൂട്ടിലും, തൊഴുത്തിലും പൂട്ടിയിടുന്ന മക്കള്‍, വഴിയോരത്ത് ഉപേക്ഷിച്ച് പോയവര്‍.
അപ്പനെ കൊല്ലുന്ന മക്കളും, മകളെ കൊല്ലുന്ന അമ്മമാരും, കാമുകനെ നേടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത യുവതികള്‍, സ്വന്തം പിതാവിന്റെ  കുഞ്ഞിനെ പ്രസവിക്കാതിരിക്കാന്‍ അപ്പന് വിഷം കൊടുത്ത് കൊലപ്പെടുത്തുന്ന പെണ്‍ മക്കള്‍…എനിക്ക് സമ്പന്നര്‍ക്കുള്ള വൃദ്ധ മന്ദിരത്തിന്റെ ആഡംബരവും സമൃദ്ധിയും വേണ്ട എന്റെ കുഞ്ഞു മക്കളുടെ കളിചിരികേട്ട് ജീവനൊടങ്ങുംവരെ നിങ്ങള്‍ക്കൊപ്പം ജീവിച്ചാല്‍മതി എന്ന് കേഴുന്ന വൃദ്ധ മാതാവ്…നമ്മുടെ കേരളം വളരെ വേഗം മാറുകയാണ്.

അപ്പനോടും അമ്മയോടും മറുതലിക്കാത്ത ഒരു തലമുറയിലെ പ്രതിനിധിയെന്ന നിലയ്ക്ക് ഓരോ മേല്‍പ്പറഞ്ഞ ഓരോ വാര്‍ത്ത വായിക്കുമ്പോഴും ഞാന്‍ എന്റെ മാതാപിതാക്കളെ ഓര്‍മ്മിക്കും. മക്കളെപ്രതി ജീവിക്കാന്‍ മറന്നു പോയ രണ്ടു പേര്‍. മക്കളോടുള്ള അവരുടെ സ്‌നേഹത്തിന് മുന്നില്‍ മീനമാസത്തിലെ വേനലും, കര്‍ക്കിടക മഴയും തോറ്റു…പൊരുമഴത്ത് പുട്ടിലു ചൂടി പാടവരമ്പത്തൂകൂടി നടന്നു മറഞ്ഞ ആ പാദങ്ങളെ ഞഠന്‍ നമിക്കുന്നു…

സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ പറയുന്നു നിങ്ങള്‍ നനഞ്ഞ മഴയും, സഹിച്ച വെയിലുമാണ് നിറ നിവാവുപോലുള്ള ജീവിതമായി എനിക്ക് മുന്നില്‍ നില്‍ക്കുന്നത്….

അപ്പനെ ഓര്‍മ്മിക്കുമ്പോള്‍ രസകരമായ ഒരു സംഭവം ഇന്നും ഓര്‍മ്മയില്‍ തിളങ്ങുന്നു. കഠിനാധ്വാനിയയിരുന്നു അപ്പന്‍. വൈകിട്ട് ജോലിയെല്ലാം കഴിഞ്ഞ് ഓമല്ലൂര്‍ ഷാപ്പില്‍ നിന്നും പ്രിയപ്പെട്ട രണ്ട് ഗ്ലാസ് തെങ്ങിന്‍ കള്ള് കുടിക്കും. ഒപ്പം കപ്പയും ഷാപ്പിലെ പ്രത്യേകം കറികളായ പോത്ത് ഉലര്‍ത്തിയത്, പന്നി പെരളന്‍, കുടം പുളിട്ട് വച്ച നല്ല പുഴമീന്‍ തുടങ്ങിയവ. ഷാപ്പിലെ കറിയുടെ രുചി മലയാളിയോട് പറയേണ്ടകാര്യമില്ല. എരിവ് കൊണ്ട് കണ്ണു നിറയും. കുടിയന്മാര്‍ക്ക് എരിവ് കൂടിയേ തീരു. മാത്രമല്ല കൂടുതല്‍ കള്ള് ചിലവാകുകയും ചെയ്യും. ഓമല്ലൂര്‍ ഷാപ്പ് ഇരുന്നത് എന്റെ സഹപാഠി സേവ്യറിന്റെ പറമ്പിലാണ്. സിനിമ ഭ്രാന്തുള്ള സേവ്യര്‍, മുന്‍നിരയിലെ അല്‍പം ഉയര്‍ന്ന പല്ലുകാട്ടിയുള്ള നിഷ്‌കളങ്കമായ ചിരി ഇന്നും ഓര്‍മ്മയുണ്ട്. സങ്കടമുള്ള മറ്റൊരോര്‍മ്മയാണ് സേവ്യര്‍. അവനെ കാണാതായിട്ട് വര്‍ഷങ്ങളായി. ജീവനോടുണ്ടോ അറിയില്ല. കുറുപ്പന്തറ റെയില്‍വെ ഗേറ്റിന് സമീപമുള്ള മെയിന്‍ ഷാപ്പിന്റെ ഉപഷാപ്പാണ് ഞങ്ങളുടെ നാടായ ഓമല്ലൂരില്‍ ഉള്ളത്. ഷാപ്പിലേക്കുള്ള വഴി അന്ന് ടാര്‍ ചെയ്തിരുന്നില്ല. മെയിന്‍ഷാപ്പില്‍ നിന്നും മീന്‍ കറിയുള്ള വലിയ മണ്‍ചട്ടിയും തലയിലേന്തി ഒരു കൈമാത്രം സൈക്കിളിന്റെ ഹാന്റിലില്‍ ബാറില്‍ പിടിച്ച് സര്‍ക്കസ്സുകാരന്റെ കരവിരുതോടെ സൈക്കിളോടിച്ച് വരുന്ന കറി വില്‍പ്പനക്കാരന്‍ അക്കാലത്ത് ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു.

കുറവിലങ്ങാട് ദേവമാതാ കോളേതില്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുന്ന കാലം. നാട്ടിന്‍പുറത്തെ വായന ശാലയുടെ ചുമതല എനിക്കായിരുന്നു. വൈകുന്നേരങ്ങളില്‍ ഗ്രന്ഥ ശാല അടച്ച് കുറെ പുസ്തകങ്ങളും കക്ഷത്തിലൊതുക്കി വീട്ടിലേക്കുള്ള പതിവ് യാത്ര. ചെറിയ ചാറ്റല്‍ മഴ പെയ്യുന്നു. മണിയഞ്ചിറ എന്ന പേരില്‍ വലിയൊരു പഞ്ചായത്ത് കുളം കഴിഞ്ഞ് പാടം കടന്ന് വേണം വീട്ടിലെത്താന്‍. കുളത്തിന്റെ ഒരു വശം നിറഞ്ഞൊഴുകുന്ന തോട്. അരണ്ട വെളിച്ചത്തില്‍ ചിലര്‍ വഴിയില്‍ നിന്നു സംസാരിക്കുണ്ട്. ടാറിടാത്ത നാട്ടുവഴിയില്‍ ഏതോ കള്ളുകുടിയന്‍ വീണുകിടക്കുന്നു. ഷാപ്പ് അടുത്തുള്ള നാട്ടിന്‍ പുറത്ത് ഇത് പതിവ് കാഴ്ചയാണ്. അവരെ ശ്രദ്ധിക്കാതെ നടന്നു പോരുമ്പോള്‍ അവരില്‍ ഒരാള്‍ അധികാരത്തോടെ വിളിച്ചു. ‘എടാ ഇവിടെ വാ ഈ വിളക്ക് പിടിക്ക്.’ അടുത്ത് ചെന്ന് വിളക്ക് വാങ്ങിയപ്പോഴാണ് ചാറ്റല്‍ മഴ നനഞ്ഞ് പുഴിമണ്ണില്‍ കിടക്കുന്ന കുടിയനെ ശ്രദ്ധിച്ചത്. എന്റെ അപ്പന്‍ മത്തായിച്ചന്‍. ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങി. ചെളി നിറഞ്ഞ് വഴുവഴുപ്പുള്ള പാടവരമ്പ്, മുട്ടിനുമുകളില്‍ വെള്ളവും ചെളിയും നിറഞ്ഞ പാടം, നല്ല ആരോഗ്യമുള്ള അപ്പനെ എടുത്തുകൊണ്ടു പോകാന്‍ ഞങ്ങള്‍ വളരെ പണിപ്പെട്ടു. കൂട്ടുകാരന്റെ പുതിയ വിടിന്റെ പാലുകാച്ചല്‍ ചടങ്ങിന് പോയതാണ് അദ്ദേഹം. തെങ്ങിന്‍ കള്ള്, വാറ്റ് ചാരായം, മിലിട്ടറി റം കിട്ടിയതെല്ലാം പയറ്റി അപ്പന്റെ കണ്‍ട്രോളും പോയി. ജീവിതത്തിലൊരിക്കലും പിന്നീട് അദ്ദേഹം അത്രയും കുടിച്ചിട്ടില്ല.

പിന്നീട് ഒരിക്കല്‍ മരത്തില്‍ നിന്നും പാടത്തെ ഏത്തവാഴക്ക് ഇടാന്‍ ചവറ് വെട്ടുകയായിരുന്നു അപ്പന്‍. വെട്ടിയ മരക്കമ്പ് അടുത്തുള്ള 11 കെ വി വോള്‍ട്ടേജ് ലൈനില്‍ തട്ടി. ഷോക്കേറ്റ് തെറിച്ചു വീണ അപ്പനെ കാറില്‍ കയറ്റുമ്പോള്‍ ബോധം മറഞ്ഞിരുന്നു. മരിച്ചുവെന്ന് എല്ലാവരും കരുതി. 6 ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ കിടന്ന ശേഷം ഇരട്ട ചങ്കനായി അപ്പന്‍ മടങ്ങിയെത്തി. ഷോക്കേറ്റവന് വാതം ഉണ്ടാകില്ല, കാണാനെത്തിയവരോട് അപ്പന്‍ തമാശ പറഞ്ഞ് ഉറക്കെ ചിരിച്ചു. ഓര്‍മ്മ ശരിയാണെങ്കില്‍ പിന്നീട് 20 വര്‍ഷത്തിലധികം ജീവിച്ചു.

അപ്പന്റെ ചരമ പ്രസംഗം നടത്തിയ സേവ്യറച്ചന്റെ വാക്കുകള്‍ (റവ.ഡോ സേവ്യര്‍ വടക്കേക്കര-മുന്‍ ചീഫ് എഡിറ്റര്‍ ഇന്ത്യന്‍ കറന്റ്‌സ് മാസിക, ഇപ്പോള്‍ മീഡിയ ബുക്‌സ് നോയിഡ) വീണ്ടും ഉദ്ധരിക്കുന്നു,.. ‘എന്റെ മുന്നില്‍ ശവമഞ്ചത്തില്‍ കിടക്കുന്ന കാഞ്ഞിരത്താനം, മേലേടത്തുപറമ്പില്‍ മത്തായി ഔസേപ്പിനെ എനിക്കറിയില്ല, എന്നാല്‍ അദ്ദേഹത്തിന്റെ 10 മക്കളില്‍ ഒരുവനെ എനിക്ക് വര്‍ഷങ്ങളായിട്ട് അറിയാം. അവനിലൂടെ അപ്പന്‍ ആരായിരുന്നിരിക്കാം എന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും, ഫലത്തിലൂടെ വ്ൃക്ഷത്തെ അറിയാം’ സേവ്യറച്ചന്‍ ബൈബിള്‍ വചനം വായിച്ചു. പ്രസംഗം അവസാനിപ്പിച്ചു.

ഇടവക വികാരിയായിരുന്ന ഫാ.മത്തായി കത്തനാര്‍, അസിസ്റ്റന്റ് വികാരി ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട്, മീഡിയ ഹൗസ് ഡല്‍ഹി ഡയറക്ടര്‍ സേവ്യറച്ചന്‍.

ബൈബിള്‍ കഥയിലെ ധൂര്‍ത്ത പുത്രനെ നാം വായിക്കുന്നു മക്കളോടുള്ള സ്‌നേഹത്താല്‍ ധൂര്‍ത്തനായിരുന്നു അപ്പന്‍. ജീവിതത്തില്‍ എന്തുനേടിയെന്ന് ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് പറയും നല്ല ആരോഗ്യമുള്ള 10 മക്കള്‍. നാല് പെണ്‍ മക്കളും, ആറ് ആണ്‍ മക്കളും.

114-വര്‍ഷം പഴക്കമുള്ള കാഞ്ഞിരത്താനം യോഹന്നാന്‍ മാംദാന പള്ളി.

ശവമടക്കിന് അന്നുണ്ടായിരുന്ന ഒരേ ഒരു വാഹനം മഹീന്ദ്രയുടെ പഴയ ജീപ്പാണ്, അതില്‍ കയറാതെ പ്രായാധിക്യത്തിന്റെ അവശതകള്‍ മറന്ന് സേവ്യറച്ചന്‍ ശവമഞ്ചലിന് പിന്നിലായി നടന്നു. പാടവരമ്പിലൂടെ, കയറ്റവും ഇറക്കവുമുള്ള  പൊടിയും ധൂളിയും നിറഞ്ഞ നാട്ടുവഴികളിലുടെ. ശവ സംസ്‌കര വേളയില്‍ ശവ മഞ്ചലിന് പിന്നിലായി പുരോഹിതന്‍ നടക്കണം അതാണ് ആചാരം.

ജീവിത സമരത്തിനിടെ കല്യാണം കഴിക്കാന്‍ വൈകിയ എന്നോട് അപ്പന്‍ തന്റെ തനതായ ശൈലിയില്‍ ബൈബിള്‍ വചനം ഉദ്ധരിച്ച് ഒരിക്കല്‍ പറഞ്ഞു..’ഒരു മരം തളിര്‍ക്കുന്ന കാലത്ത് തളിര്‍ക്കണം, കായ്ക്കുന്ന കാലത്ത് കായ്ക്കണം.. ഓരോന്നിനും ഓരോ കാലമുണ്ട്.’

കഠിനധ്വാനിയായ അപ്പന്‍ നല്ല ഭക്ഷണം കഴിച്ച് നല്ല കള്ളും കുടിച്ച് ആരോടും ശത്രുതയോ പരിഭവമോ ഇല്ലാതെ ജീവിതം ആഘോഷിച്ച് കടന്നു പോയി. അപ്പന്റെ നിഴലുപോലെ അമ്മയും നിന്നു. വിടിന്റെ ഉമ്മറത്ത് അപ്പന്‍ തുണിക്കസേരയില്‍ ചാരിക്കിടന്ന് പ്രത്യേകം ട്യൂണില്‍ പത്രം വായിച്ചിരിക്കുന്നത് ഓര്‍മ്മയിലുണ്ട്. 26 -വര്‍ഷം മുമ്പ് കോട്ടയത്തു നിന്നും കേരള എക്‌സ്പ്രസില്‍ കയറുമ്പോള്‍ സിനിമ ക്യാമറമാന്‍ എന്ന മോഹം മനസ്സിലുണ്ടായിരുന്നു. അതിപ്പോള്‍ പൊടി തട്ടിയെടുക്കുന്നു. ക്യാമറല്ല കഥയെഴുതാനാണ് താല്‍പര്യം. എത്രത്തോളം വിജയിക്കുമെന്നറിയില്ല, എന്നാലും, എന്നെങ്കിലും സിനിമയ്ക്ക്  കഥ എഴുതുമെങ്കില്‍ അപ്പന്‍ അതിലൊരു കഥാപാത്രമായിരിക്കും. അദ്ദേഹത്തിന്റെ അതേ മാനറിസമുള്ള ആരേയും കൂസാത്ത, സ്വന്തം ആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന മത്തായി ഔസേപ്പ് എന്ന പേരില്‍ തന്നെ.

മേലേടത്തുപറമ്പില്‍ മത്തായി ഔസേപ്പിന്റെ അന്ത്യയാത്ര, 10 മക്കളും ചിത്രത്തിലുണ്ട്.

അനുഭവങ്ങള്‍ പെയ്‌തൊഴിയാത്ത ജീവിതത്തിന്റെ ഉമ്മറപ്പടിയില്‍…ഓര്‍മ്മകള്‍ നൗകകള്‍ പോലെ സൈ്വര സ്ഞ്ചാരം നടത്തുന്ന സായാഹ്ന്‌ന പോക്കുവെയിലേറ്റ് തിളങ്ങുന്ന കായല്‍പ്പരപ്പില്‍… കൈയ്യില്‍ തനിക്കിഷ്ടപ്പെട്ട മദ്യവും..അടുത്ത് വായന പുസ്‌കങ്ങളുമായി..ജീവിതം പറയുന്ന അപ്പന്‍ ഒരു കഥാപാത്രമാകട്ടെ..

ബൈബിള്‍ വാക്കുകള്‍ കടമെടുക്കുന്നു..’നന്മ ചെയ്ത പിതാക്കന്മാര്‍ അവരുടെ മക്കളിലൂടെ അറിയപ്പെടും.’ നന്മയുടെ പാതയോരം ചേര്‍ന്ന് നടന്നു മറഞ്ഞവരുടെ കാല്‍പ്പാടുകളെ കാലത്തിന് മായിക്കാനാവില്ല. അപ്പന്റെയും അമ്മയുടെയും സ്‌നേഹ സ്മരണയക്ക് മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു.

ജോൺ മാത്യുവും കുടുംബവും


Exit mobile version