Pravasimalayaly

‘കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും സ്റ്റേറ്റ് കാറും നല്‍കിയാല്‍ എല്‍ഡിഎഫിലേക്ക് വരാം’; ജോണി നെല്ലൂരിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

എല്‍ഡിഎഫിലേക്ക് വരാന്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ജോണി നെല്ലൂര്‍.കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും സ്റ്റേറ്റ് കാറും നല്‍കിയാല്‍ എല്‍ഡിഎഫിലേക്ക് വരാമെന്നാണ് ജോണി നെല്ലൂര്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസ് (എം) നേതാവ് എച്ച്. ഹഫീസുമായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തായത്. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ന്യൂനപക്ഷ ചെയര്‍മാന്‍, കോഫി ബോര്‍ഡ് ചെയര്‍മാന്‍, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളിലൊന്ന് ആരോ ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂര്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. എന്നാല്‍ ഇത് ആരാണ് ഓഫര്‍ ചെയ്തതെന്ന് സംഭാഷണത്തില്‍ വ്യക്തമല്ല. മാത്യൂ സ്റ്റീഫനൊക്കെ കൂടെ പോവുകയാണെന്നും അവരെ ക്രോഡീകരിച്ച് പുതിയ സംവിധാനം ഉണ്ടാക്കിക്കൂടേയെന്നും ഹഫീസ് പറയുമ്പോള്‍ അത്തരത്തില്‍ ബിജെപിയില്‍ പോവാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ജോണി നെല്ലൂര്‍ പ്രതികരിക്കുന്നത്.

നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങള്‍ പോയി എന്ന് ചോദിച്ചാല്‍ പറയാന്‍ മിനിമം ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം. അത് നീ ആലോചിച്ചോ എന്നിങ്ങനെയാണ് സംഭാഷണം തുടരുന്നത്.

Exit mobile version