സിസ്റ്റര്‍ അഭയക്കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സിബിഐ ഒത്തുകളിച്ചെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

0
35

 സിസ്റ്റര്‍ അഭയക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സിബി ഐ ഒത്തുകളിച്ചെന്ന് കേസില്‍ വര്‍ഷങ്ങളായി നിയപോരാട്ടം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ നിയമപോരാട്ടം തുടരും. പ്രതികള്‍ക്ക് ജാമ്യം കിട്ടിയതിനെതിരെ സിബി ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും സിബി ഐ ഡയറക്ടര്‍ക്കും പരാതി സമര്‍പ്പിക്കുമെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.

സിസ്റ്റര്‍ അഭയകൊലക്കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ഒന്നരവര്‍ഷമായിട്ട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലും സിബി ഐ തയ്യാറായില്ലെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ആരോപിച്ചു

അതേസമയം പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കിയ ഹൈകോടതി വിധി നിരാശാജനകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. കേസിന്റെ തുടക്കം മുതല്‍ പലതരത്തിലുള്ള നീതി നിഷേധങ്ങള്‍ നാം കണ്ടതാണ്. ജോമോന്‍ പുത്തന്‍പുരക്കല്‍ എന്ന വ്യക്തിയാണ് കേസ് മുന്നോട്ട് എന്നകൊണ്ടുപോയത്. കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ജയിലിലായിരിക്കുമ്പോഴും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വാധീനമുള്ള സംവിധാനം നിലവിലുണ്ടെന്നതാണ് ഹൈകോടതിയുടെ വിധി സൂചിപ്പിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.

ഇന്നാണ് കേസില്‍ പ്രതികളായ സിസ്റ്റര്‍ സെഫിക്കും ഫാദര്‍ തോമസ് കോട്ടൂരിനും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, സംസ്ഥാനം വിടരുത് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണയിലുണ്ട്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്.

Leave a Reply