Pravasimalayaly

പാലായിൽ എൽ ഡി എഫ് ജാഥയിൽ ജോസ് കെ മാണിയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല: ജോസ് കെ മാണി വിഭാഗത്തിൽ അസംതൃപ്തി പുകയുന്നു :


എൽ ഡി എഫിൽ പ്രതീക്ഷിച്ച അംഗീകാരം കിട്ടാതെ വന്നതോടുകൂടി ജോസ് വിഭാഗം അസംതൃപ്തിയിൽ.പാലായിൽ എത്തിയ എൽഡിഎഫ് വികസന മുന്നേറ്റ ജാഥ യിലെ സിപിഎം ആധിപത്യം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ജോസ് വിഭാഗം. ജോസ് കെ മാണിക്ക് ജാഥയിൽ പാലായിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതുപോലുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ എൽഡിഎഫ് പക്ഷപാതം കാണിക്കാതെ രണ്ടില കാണിച്ചാണ് ഈശ്വര വിശ്വാസികളുടെ വോട്ട് ഒരുപരിധിവരെ ജോസ് വിഭാഗം നേടിയത്. എന്നിട്ടും പാലാ മുൻസിപ്പാലിറ്റിയിൽ അടക്കം നിലവിൽ ഉണ്ടായിരുന്ന സീറ്റുകൾ നിലനിർത്താനായില്ല. കെഎം മാണിയുടെ മരണത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് ടോം പരാജയപ്പെട്ടതിന് പിറ്റേദിവസം പാലായിലെ വീട്ടിൽ കടുത്തുരുത്തിയിൽ നിന്നുള്ള മണ്ഡലം പ്രസിഡന്റ്മാരെ ജോസ് കെ മാണി വിളിച്ചുകൂട്ടി മോൻസിനെതിരെ പ്രവർത്തനം ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചു. എന്നാൽ യുഡിഎഫിൽ നിന്നുകൊണ്ട് അത് പ്രായോഗികമല്ലെന്ന് മണ്ഡലം പ്രസിഡന്റ്മാർ പറഞ്ഞെങ്കിലും ജോസ് കെ മാണി സമ്മതിച്ചില്ല. പാലാ ഉപേക്ഷിച്ച് കടുത്തുരുത്തിയിൽ മത്സരിക്കാനായിരുന്നു ജോസ് കെ മാണിയുടെ നീക്കം. തുടർന്ന് കടുത്തുരുത്തിയിൽ നടന്ന സമ്മേളനത്തിലാണ് എൻ ജയരാജ് എംഎൽഎ അജിത് മുതിരമലയെ വ്യക്തിപരമായി ആക്ഷേപിച്ച് പ്രസംഗിച്ചത്. പിന്നീട് സിപിഎം നിർദ്ദേശപ്രകാരം ജോസ് കെ മാണി പാലായിൽ മത്സരിക്കാൻ നിർബന്ധിതനായി. എൽഡിഎഫ് പരിവേഷം ജനാധിപത്യ കോട്ടയായ പാലായിൽ തിരിച്ചടിയാകുമോ എന്നതാണ് ജോസ് വിഭാഗത്തിന്റെ ഇപ്പോഴത്തെ ആശങ്ക. പാലായിൽ എൽഡിഎഫിനെ കൊള്ളാനും തള്ളാനും വയ്യാത്ത അവസ്ഥ. സിപിഎമ്മിനും സിപിഐയ്ക്കും ജോസ് വിഭാഗത്തിനെ പൂർണ്ണ വിശ്വാസവുമില്ല. ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് ബന്ധം താൽക്കാലികം ആണെന്ന് അവർക്കറിയാം. ഒരു സിറ്റിംഗ് എംഎൽഎ നഷ്ടപ്പെട്ടത് മിച്ചം. പതിറ്റാണ്ടുകളായി എൽഡിഎഫ് ഘടകകക്ഷിയായിരുന്ന എൻ സി പിയുമായി മാനസികമായി അകലുകയും ചെയ്തു. എൻ സി പി ആകട്ടെ എൽ ഡി എഫിൽ പാലാ നഷ്ടപ്പെടുന്നതിനു പുറമേ സിറ്റിംഗ് സീറ്റായ കുട്ടനാട്ടിലും പ്രതിസന്ധിയിലാണ്. ജനാധിപത്യ കേരള കോൺഗ്രസിലെ ഡോ കെ സി ജോസഫ് കുട്ടനാട് സീറ്റ് ചോദിച്ചിട്ടുണ്ട്. പാലായിൽ ആണെങ്കിൽ മാണി സി കാപ്പൻ രക്തസാക്ഷി വേഷത്തിലാണ്. എൽഡിഎഫ് അണികളുമായുള്ള ബന്ധം നിലനിർത്തുന്നതിന് പുറമെ ജനാധിപത്യ കോട്ടകളിലേയ്ക്ക് അദ്ദേഹം വളരെ വേഗം പ്രവേശിച്ചു കഴിഞ്ഞു. സർവ്വേകളും മാണി സി കാപ്പന് അനുകൂലമാണ്. പാലായിൽ എൽ ഡി എഫ് യു ഡി എഫ് വ്യത്യാസം 30000ന് മുകളിലാണ്.

Exit mobile version