അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ ആത്മഹത്യ ഭർതൃപീഡനം കാരണമെന്ന് പൊലീസ്. കാസർഗോഡ് സ്വദേശിയായ ശ്രുതിയെ ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്രുതിയെ ഭർത്താവ് അനീഷ് മർദ്ദിച്ചുവെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കി.
അനീഷ് നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം. ശ്രുതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും ശാരീരകമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും എഫ്ഐആറിൽ പറയുന്നു, ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടർന്നു. മുറിക്കുള്ളിൽ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചു. നിരന്തരം മർദ്ദിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
റോയിട്ടേഴ്‌സ് ബെംഗളൂരു ഓഫീസിൽ സബ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്‌മെന്റിലായിരുന്നു ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. നാട്ടിൽനിന്ന് അമ്മ ഫോൺ വിളിച്ചിട്ട് ലഭിച്ചില്ല. തുടർന്ന് ബെംഗളൂരുവിൽ എൻജിനീയറായ സഹോദരൻ നിശാന്ത് അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റിയോട് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.