ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് നടൻ ജോയ് മാത്യു. ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ടെന്നും പക്ഷെ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ഇരക്കൊപ്പം എന്ന് പറയാനെളുപ്പമാണ് എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാൻ ആരുമില്ലെന്ന് കഴിഞ്ഞ ദിവസം ജോയ് മാത്യു പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ താങ്കൾ ആദ്യം തുടങ്ങൂ എന്നു ഉപദേശിച്ച് കമന്റ് ചെയ്തവർക്കുള്ള മറുപടിയായാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്.
ജോയ് മാത്യുവിന്റെ കുറിപ്പ്
ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ “താങ്കൾ ആദ്യം തുടങ്ങൂ “എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു. ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല .കൂടാതെ
അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല.- ജോയ് മാത്യു കുറിച്ചു. 2017 ജൂലൈയിലെ ഒരു പത്രകട്ടിങ്ങിനൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ദിലീപുമായി സഹകരിക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് വാർത്ത.