പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് അയിഷ മാലിക്

0
381

പാകിസ്ഥാന്റെ ചരിത്രത്തിൽ ആ​ദ്യമായി സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി. ലാഹോർ ഹൈക്കോടതി ജഡ്ജിയായിരുന്ന അയിഷ മാലിക് ആണ് അപൂർവനേട്ടം സ്വന്തമാക്കിയത്. ചീഫ് ജസ്റ്റിസ് ​ഗുൽസാർ അഹമ്മദ് അധ്യക്ഷനായ പാകിസ്താൻ ജുഡീഷ്യൽ കമ്മീഷനാണ് അയിഷയുടെ നിയമനത്തിന് അം​ഗീകാരം നൽകിയത്. നാലിനെതിരെ അഞ്ചു വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അയിഷയെ സുപ്രീം കോടതി ജഡ്ജിയാക്കിയത്.

ഇത് രണ്ടാം തവണയാണ് അയിഷ മാലിക്കിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ പാകിസ്താൻ ജുഡീഷ്യൽ കമ്മീഷൻ യോ​ഗം ചേരുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാക് ജുഡീഷ്യൽ കമ്മീഷനു മുമ്പാകെ അയിഷ മാലിക്കിന്റെ പേര് ആദ്യമായി വരുന്നത്. പക്ഷേ, പാനൽ തുല്യഅം​ഗങ്ങൾ ഇരുവിഭാ​ഗങ്ങളായി തിരിഞ്ഞതോടെ സ്ഥാനാർഥിത്വം നിരസിക്കപ്പെടുകയായിരുന്നു.

അതിനിടെ അയിഷയുടെ നിയമനത്തിൽ സീനിയോറിറ്റി പ്രശ്നം ആരോപിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ രം​ഗത്തെത്തി. അയിഷ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധം അറിയിച്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ അഞ്ച് ഹൈക്കോടതികളിൽ ജഡ്ജുമാരായിരിക്കുന്നവരേക്കാൾ ചെറുപ്പമാണ് അയിഷയ്ക്കെന്ന് അബ്ദുൽ ലത്തീഫ് അഫ്രീദി ആരോപിച്ചു.

മാർച്ച് 2012-ലാണ് അയിഷ മാലിക്ക് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. നിലവിൽ ലാഹോർ ഹൈക്കോടതി ജഡ്ജി സീനിയോറിറ്റി പട്ടികയിൽ നാലാം സ്ഥാനത്താണ് അയിഷ മാലിക്. 2031 വരെ അയിഷ മാലിക്കിന് സുപ്രീം കോടതി ജഡ്ജിയായി തുടരാനാകും.

Leave a Reply