Pravasimalayaly

ആശുപത്രികളില്‍ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നില്ല, കേരളം നാഥനില്ലാ കളരിയായി മാറിയെന്ന് കെ മുരളീധരന്‍ എം പി

കൊവിഡ് വ്യാപനം, ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരന്‍ എം പി. ആശുപത്രികളില്‍ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം നാഥനില്ലാ കളരിയായി മാറിയെന്നും കെ മുരളീധരന്‍ എം പി വ്യക്തമാക്കി. വിവാദ ലോകായുക്ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ തള്ളി കെ.മുരളീധരന്‍ എം.പി. ലോകായുക്തയില്‍ ഒരു ഭേദഗതിയും അംഗീകരിക്കുന്നില്ല. കൂടിയാലോചിക്കാതെയാണ് വി.ഡി.സതീശന്റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നിയമത്തില്‍ മാറ്റം വരുത്താനാകില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

റിപബ്ലിക് ദിനാഘോഷത്തില്‍ കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ തലകീഴായി ദേശീയ പതാക ഉയര്‍ത്തിയ അഹമ്മദ് ദേവര്‍കോവില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് കെ മുരളീധരന്‍ എംപി ചൂണ്ടിക്കാട്ടി. പതാക കൊടിമരത്തില്‍ കെട്ടിയത് താനല്ല, ഉദ്യോഗസ്ഥരാണെന്ന മന്ത്രിയുടെ വാദത്തോട് യോജിക്കാം. എന്നാല്‍ അത് ഉയര്‍ത്തി സല്യൂട്ട് ചെയ്ത് കഴിഞ്ഞിട്ടും അബദ്ധം മനസിലായില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കുന്നതാണ് ഉചിതമെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു.

ഉദ്യോഗസ്ഥന്മാര്‍ കെട്ടിയ കൊടി ഉയര്‍ത്തുന്ന ജോലിയാണ് മന്ത്രിക്ക്. മുമ്പും ചില സ്ഥലങ്ങളില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് ഉയര്‍ത്തുമ്പോള്‍ തെറ്റ് മനസിലാക്കിയാല്‍ പതാക താഴ്ത്തി ശരിയായി കെട്ടുകയായിരുന്നു വേണ്ടതെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. മറിച്ച് റിപ്പബ്ലിക്ക് ദിനത്തില്‍ സംഭവിച്ചത് കൊടി ഉയര്‍ത്തി സല്യൂട്ട് ചെയ്ത് അതിന്റെ എല്ലാ ചടങ്ങുകളും കഴിഞ്ഞ് പത്രക്കാരാണ് അബദ്ധം ചൂണ്ടികാട്ടിയത്. പതാക വന്ദനം കഴിഞ്ഞിട്ടും കാര്യം മനസ്സിലായില്ലെങ്കില്‍ മന്ത്രി രാജിവെക്കുന്നതാണ് ഉചിതമെന്നാണ് കെ മുരളീധരന്റെ പക്ഷം.

Exit mobile version