തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ കത്ത്. എം ലിജുവിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ നീക്കം സജീവമായിരിക്കുന്നതിനിടെയാണ്, ലിജുവിനെതിരായ പരോക്ഷ നിലപാട് സ്വീകരിച്ച് മുരളീധരന്‍ രംഗത്തുവന്നത്.
തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭയിലേക്കു പരിഗണിക്കരുതെന്ന് മുരളീധരന്‍ കത്തില്‍ പറയുന്നു. തോറ്റവര്‍ അതതു മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കട്ടെ. രാജ്യസഭയില്‍ ക്രിയാത്മകമായി ചര്‍ച്ചകളില്‍ പങ്കെടുക്കാനാവുന്നവര്‍ ആവണം അംഗങ്ങള്‍ ആവേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ ലിജുവിന് എതിരല്ലെന്നും എന്നാല്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം വേണമെന്നും മുരളീധരന്‍ പ്രതികരിച്ചു.
2011ലും 2021ലും അമ്പലപ്പുഴയിലും 2006ല്‍ കായംകുളത്തും നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട ലിജുവിന് എതിരായ നീക്കമായാണ് മുരളീധരന്റെ നടപടി വിലയിരുത്തപ്പെടുന്നത്.
ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ശ്രീനിവാസന്‍ കൃഷ്ണനെ എതിര്‍ത്തുകൊണ്ടാണ് സുധാകരന്റെ നേതൃത്വത്തില്‍ ലിജുവിന്റെ പേരു നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നലെ കെ സുധാകരനൊപ്പം ലിജു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്ന് ലിജു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.