Pravasimalayaly

ശശി തരൂരിന്റ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗീയതയും ഇല്ല,പങ്കെടുത്തതെല്ലാം പൊതുവേദികളിലെ ചടങ്ങിലെന്ന് കെ മുരളീധരന്‍

ശശി തരൂരിന്റ മൂന്ന് ദിവസത്തെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗീയതയും ഇല്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവിനെ പോലും അദ്ദേഹം വിമര്‍ശിച്ചിട്ടില്ലെന്നും എംപി കെ മുരളീധരന്‍. തരൂരിനെ പാര്‍ട്ടി വേദിയിലാണ് ആദ്യം ക്ഷണിച്ചത്. ആ ശ്രമത്തില്‍ നിന്ന് അവര്‍ പിന്‍മാറിയപ്പോള്‍ മറ്റ് സംഘടന അത് ഏറ്റെടുത്തു. ആ പരിപാടി നടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറെ ചീത്തപ്പേര് ഉണ്ടായാനേയെന്നും മുരളീധരന്‍ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായ സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിന്റെ ചിലരുടെ പ്രവര്‍ത്തനം വേദി കിട്ടാതെ മടങ്ങേണ്ടിവന്നിരുന്നെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാക്കുന്ന ഡാമേജ് വലുതാകുമായിരുന്നു. ആ സെമിനാറില്‍ കോണ്‍ഗ്രസിന്റ ആശയങ്ങളാണ് അദ്ദേഹം പ്രതിപാദിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

തരൂര്‍ പങ്കെടുത്തതെല്ലാം പൊതുവേദികളിലെ ചടങ്ങിലാണ്. എംപിമാര്‍ക്ക് എല്ലാ പൊതുവേദികളില്‍ പങ്കെടുക്കാനുള്ള അവകാശം ഉണ്ട്. പെരിന്തല്‍മണ്ണയില്‍ അദ്ദേഹം പങ്കെടുത്തത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥികളുമായാണ് സംവാദം നടത്തിയത്. സംഘാടകനായ യുഡിഎഫ് എംഎല്‍എ വിളിച്ചിട്ടാണ് അദ്ദേഹം അവിടെ പോയത്. ഡിസിസി ഓഫീസിനെ അറിയിക്കുകയും അവര്‍ നല്ല സ്വീകരണം നല്‍കുകയും ചെയ്തു. ഒരോരുത്തര്‍ക്കും ഓരോ സ്പേസ് ഉണ്ട്. പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതുപോലെ സംവാദത്തില്‍ സംസാരിക്കാനാവില്ലെന്നും തരൂര്‍ പറഞ്ഞു. മലപ്പുറത്ത് ചെന്നാല്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കന്‍മാരും പാണക്കാട് തങ്ങളുടെ വീട്ടില്‍ പോകാറുണ്ട്. രാഷ്ട്രീയ നേതാക്കന്‍മാര്‍ തമ്മില്‍ കാണുമ്പോള്‍ തലേന്ന് പെയ്ത മഴയോ കുറിച്ചോ, അല്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചോ അല്ല ചര്‍ച്ച ചെയ്യുക. പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതും മുന്നണി സംവിധാനം മെച്ചപ്പെടുത്തുന്നതുമാണ് സംസാരിക്കുകയെന്നും ആ സന്ദര്‍ശനത്തില്‍ യാതൊരുവിധ തെറ്റുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ആളുകളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്താല്‍ മെസിക്ക് പറ്റിയതുപോലെ പറ്റും. സൗദിയെ ചെറിയ രാജ്യമായി കണ്ടു. അങ്ങനെ നിസാരമട്ടില്‍ നേരിട്ടു. അവസാനം തലയില്‍ മുണ്ടിട്ട് പോകേണ്ടി വന്നു. അതുപോലയാകും അവസ്ഥ. എല്ലാവരും ബൂത്ത് തലത്തില്‍ നിന്നുവരണമെന്നില്ല. അത് നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തുണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ട്. തരൂരിന് കേരളത്തില്‍ നല്ല സ്പേസ് ഉണ്ട്. എംപിയെന്ന രീതിയില്‍ നല്ല് പ്രവര്‍ത്തനമാണ് നടത്തിയത്. ഒന്നേകാല്‍ കൊല്ലം കഴിഞ്ഞാല്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പാണ്. നിലവില്‍ അദ്ദേഹമായിരിക്കും സ്ഥാനാര്‍ഥി. എതിരാളികള്‍ക്ക് ആവശ്യമില്ലാതെ ആയുധം കൊടുക്കണോയെന്നും മുരളീധരന്‍ ചോദിച്ചു.

Exit mobile version