മാധ്യമരംഗം ഇരുണ്ടക്കാഴ്ചകൾക്കിടയിലേക്ക് പോകുമ്പോൾ അതല്ലെന്ന് തെളിയിച്ച പ്രമുഖനായിരുന്നു കെ. പത്മനാഭൻ നായർ: ഗോവ ഗവർണർഅഡ്വ. പി.എസ് ശ്രീധരൻ പിള്ള

0
87

കോട്ടയം: മാധ്യമരംഗം ഇരുണ്ടക്കാഴ്ചകൾക്കിടയിലേക്ക് പോകുമ്പോൾ അതല്ലെന്ന് തെളിയിച്ച പ്രമുഖനായിരുന്നു കെ. പത്മനാഭൻ നായരെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. മാധ്യമ രംഗത്ത് നർമത്തിൻ്റെ മേമ്പൊടി വിതറിയ മനോരമ വാരിക മുൻ പത്രാധിപർ കെ. പത്മനാഭൻ നായരുടെ സ്മരണ നിലനിർത്താൻ ആരംഭിച്ച ‘പത്മൻ’ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിച്ചു നിൽക്കാൻ മാധ്യമങ്ങൾക്ക് പാത്രം നോക്കി പകർന്നു കൊടുക്കേണ്ടി വരുന്നു. ഉൽപന്ന വിലയേക്കാൾ വിലകുറച്ച് പത്രങ്ങൾ വിൽക്കേണ്ടി വരുന്നു. ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് പത്മനെ പോലുള്ള മികച്ച മാതൃകകളെ നമുക്ക് കാണാൻ കഴിയുന്നത്.നർമത്തിൻ്റെ മേമ്പൊടി ചേർത്ത് കളിയും കാര്യവും ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ അതുവഴി ആ മാധ്യമത്തിലും സമൂഹത്തിലും ചിന്താമണ്ഡലങ്ങളിലും ഉണ്ടാവുന്ന നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴാണ് പത്മനെ പോലുള്ളവരുടെ പ്രാധാന്യം മനസിലാവുന്നത്. കേരളത്തിലെ മാധ്യമങ്ങളെ കുറിച്ച് നല്ല അഭിപ്രായം തന്നെയാണ് പുറത്തുള്ള മാധ്യമങ്ങൾക്കുള്ളത്. മൊത്തത്തിലുള്ള അപചയത്തേ കുറിച്ചു പറയുന്ന അവസരത്തിൽ സത്യത്തേക്കാൾ വലുത് സ്വന്തം രാഷ്ട്രീയമാണെന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാരും അതേപോലെ ചിന്തിക്കുന്ന മാധ്യമ രംഗത്തുള്ളവരുമുണ്ട്. ധർമത്തേക്കാൾ വലുത് അധികാരമാണെന്ന് കരുതുന്നവരും ഏതുകാലത്തുമുണ്ട്. ക്രമാതീതമായി അത്തരം ആളുകളുടെ എണ്ണം കൂടുമ്പോൾ മാധ്യമ രാഷ്ട്രീയ രംഗത്തായാലും ജീവിതത്തിലൊരു സമസ്യയായി ഉത്തരമില്ലാത്ത കടങ്കഥയായി മാറ്റാതിരിക്കാൻ ഇത്തരം ചിന്തകളും ആ ചിന്തകളെ ചിരിയുമായി അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ വിജയം. നിശബ്ദത ഒരു വലിയ ശക്തിയാണ്. മാധ്യമരംഗത്ത് നിശബ്ദരായിരിക്കുന്നവരുണ്ട്. അവരുടെ ശക്തി സമൂഹത്തിൻ്റെ ശക്തിയായി മാറുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്. ഊർജം ശക്തിയാണ്. ആ ശക്തി നിശബ്ദമാണ്. ആ നിശബ്ദതയെ കണ്ടെത്താനാണ് മാധ്യമങ്ങളുടെ ആവശ്യം. അതിൽ ഒരു പ്രതിഭയായിരുന്ന അദ്ദേഹമെന്നും പത്മൻ ഫൗണ്ടേഷൻ സമൂഹത്തിന് വഴികാട്ടിയാവട്ടെയെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. നർമംകൊണ്ടും കർമം കൊണ്ടും മനുഷ്യമനസുകളിൽ മായാത്ത ആശയപ്രപഞ്ചം തീർത്ത മൂല്യാധിഷ്ടിത പത്രപ്രവർത്തകനായിരുന്നു പത്മനെന്ന് മുഖ്യപ്രഭാഷണം നടത്തിയ സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മൂല്യാധിഷ്ടിത പത്രപ്രവർത്തകൻ്റെ എല്ലാ ബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ചിന്തിപ്പിക്കാനും ഒപ്പം ചിരിപ്പിക്കാനും കഴിഞ്ഞത്. അത്തരത്തിലുള്ള പത്രപ്രവർത്തകരുടെ എണ്ണം കുറഞ്ഞു വരികയാണ്. അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമിക്കാനുള്ള പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് വി.എൻ വാസവൻ പറഞ്ഞു.പത്മൻ്റെ ഓർമകൾ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. അദ്ദേഹത്തെ കുറിച്ചൊരു ചിത്രം വരും തലമുറക്ക് ഉണ്ടാവണം. എല്ലാവരുടെയും സ്വന്തമെന്ന് കരുതാൻ കഴിയുന്ന സംരഭം കോട്ടയത്തിന് ആവശ്യമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണവും പ്രൊഫ. എം.ജി ശശിഭൂഷൺ ഗുരുവന്ദനവും നടത്തി. നഗരസഭ ആക്ടിങ് ചെയർമാൻ ബി. ഗോപകുമാർ, ജി. ശ്രീകുമാർ പ്രസംഗിച്ചു.

Leave a Reply