
കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ (102)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7 മണിയോടെ ആയിരുന്നു ആയിരുന്നു അന്ത്യം.
പനിയും ശ്വാസ തടസ്സവും കാരണം ഗൗരിയമ്മയെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ കെ ആര്‍ ഗൗരിയമ്മ, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഒരു വനിതാ നേതാവിനും നേടാനാവാത്ത അപൂര്‍വ റെക്കോഡുകളുടെ ഉടമയാണ് ഗൗരിയമ്മ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗവും മന്ത്രിയുമായിരുന്ന വനിത, ഏറ്റവും പ്രായം കൂടിയ വനിതാ മന്ത്രി… പിന്നോക്ക സമുദായത്തിലെ ആദ്യ വനിതാ നിയമ ബിരുദധാരിയും ചേര്‍ത്തല ബാറിലെ ആദ്യ വനിതാ അഭിഭാഷകയുമാണു ഗൗരിയമ്മ.
1948 മുതല്‍ 2011 വരെ എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചു. പലവട്ടം എം.എല്‍.എ. ആയി. ഇടതും വലതും മന്ത്രിസഭകളില്‍ 5 തവണ മന്ത്രിയുമായി. പ്രഗത്ഭയായ നിയമസഭാ സാമാജികയും അതിപ്രഗത്ഭയായ ഭരണാധികാരിയുമായിരുന്നു. കേരളത്തിന്റെ തലവര മാറ്റിയ 1959 ലെ കാര്‍ഷിക ബന്ധ ബില്ലിന്റെയും 1969 ലെ ഭൂപരിഷ്‌ക്കരണ (ഭേദഗതി) നിയമത്തിന്റെയും ശില്പി.

1919 ജൂലൈ 14 ന് ചേര്‍ത്തല പട്ടണക്കാട് കളത്തില്‍പറമ്പില്‍ കെ.എ. രാമന്റെയും പാര്‍വതി അമ്മയുടേയും പത്തുമക്കളില്‍ ഏഴാമത്തെയാളായാണു ഗൗരിയമ്മ എന്ന കെ.ആര്‍. ഗൗരിയുടെ ജനനം. പഠിക്കാന്‍ അതിസമര്‍ഥയായിരുന്നു കെ.ആര്‍. ഗൗരി. മകള്‍ വക്കീലാകണമെന്നായിരുന്നു രാമന്റെ ആഗ്രഹം. എറണാകുളം മഹാരാജാസില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസായശേഷം സെന്റ് തെരേസാസില്‍നിന്ന് ധനകാര്യ ശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട്, തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍നിന്നു നിയമബിരുദം പാസായി.
പുന്നപ്ര-വയലാര്‍ സമരത്തെതുടര്‍ന്ന് പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കള്‍ എല്ലാം ഒളിവില്‍ പോയി. ഗൗരിയമ്മയുടെ സഹോദരന്‍ കെ.ആര്‍. സുകുമാരന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നതിനാല്‍ ചേര്‍ത്തലയിലെ കളത്തില്‍പറമ്പില്‍ തറവാടും വിപ്ലവകാരികളുടെ ഒളിത്താവളങ്ങളിലൊന്നായി. ഈ സമയം ചേര്‍ത്തലയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ഗൗരിയമ്മ. സഹോദരന്‍ സുകുമാരന്റെ വഴിയിലൂടയായിരുന്നു പിന്നീട് ഗൗരിയമ്മയുടെ നടത്തം. പുന്നപ്ര-വയലാര്‍ സമരത്തേത്തുടര്‍ന്നു നാട്ടില്‍ പോലീസ് നടത്തിയ നരനായാട്ടാണ് ഗൗരിയമ്മയെ കമ്യൂണിസ്റ്റാകാന്‍ പ്രചോദിപ്പിച്ചത്. 1947 ല്‍ പി. കൃഷ്ണപിള്ളയില്‍നിന്നാണ് കെ.ആര്‍. ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടിയത്. ട്രേഡ് യൂണിയന്‍ രംഗത്തും കര്‍ഷക സംഘടനകളിലും സജീവമായി.


കല്‍ക്കത്താ തീസിസിന്റെ പേരില്‍ 1948 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. ഗൗരിയമ്മയും മറ്റു നേതാക്കള്‍ക്കൊപ്പം പിടിയിലായി. ജയില്‍ ജീവിതം ഏറെ ദുരിതം നിറഞ്ഞതായിരുന്നു. കൊടിയമര്‍ദനം സഹിക്കാനാവാതെ ഗൗരിയമ്മ ജയിലിനുള്ളില്‍ 17 ദിവസം നിരാഹാര സമരം നടത്തി.
1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് കന്നി മത്സരം. ചേര്‍ത്തല ദ്വയാംഗ മണ്ഡലത്തില്‍ തോറ്റെങ്കിലും 52ലും 56 ലും തിരുകൊച്ചി നിയമസഭയില്‍ അംഗമായി. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ചേര്‍ത്തലയില്‍ ജയിച്ച് മന്ത്രിയായി. ഇതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി. തോമസുമായുള്ള വിവാഹവും ഇക്കാലത്തായിരുന്നു.
പിന്നീട്, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ടി.വിയുടേയും ഗൗരിയമ്മയുടേയും വിവാഹ ജീവിതത്തിലും വിള്ളലുകള്‍ വീഴ്ത്തി. ടി.വി. സി.പി.ഐയില്‍ തുടരുകയും ഗൗരിയമ്മ സി.പി.എമ്മില്‍ ചേരുകയും ചെയ്തു. പിന്നീട് പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു.
13 തവണയാണു ഗൗരിയമ്മ നിയമസഭാംഗമായത്. അഞ്ചുതവണ മന്ത്രിയായി. നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഇത്രയും കാലം നിയമസഭയില്‍ പ്രതിനിധിയാകുന്ന ആദ്യ വനിത എന്ന ബഹുമതി ഗൗരിയമ്മയ്ക്കു മാത്രം സ്വന്തം. മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണു ഗൗരിയമ്മയുടെ പ്രത്യേകത.

1957 ല്‍ റവന്യൂമന്ത്രിയായിരിക്കേ ഗൗരിയമ്മയാണു ഭൂപരിഷ്‌കരണ നിയമം ആദ്യമായി കൊണ്ടുവരുന്നത്. 1959 ല്‍ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനാല്‍ ആ ബില്‍ നിയമമായില്ല. പിന്നീട് 1971 ല്‍ അച്യുതമേനോന്‍ സര്‍ക്കാരാണ് അതു നിയമമാക്കിയത്.
ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് ഉയര്‍ത്തിക്കാട്ടിയായിരുന്നു 1987 ലെ തെരഞ്ഞെടുപ്പു പ്രചാരണം. കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും’ എന്ന മുദ്രാവാക്യം പ്രചാരണങ്ങളില്‍ അങ്ങോളമിങ്ങോളം മുഴങ്ങി. പക്ഷേ, ഇടതുമുന്നണി ജയിച്ചപ്പോള്‍ മുഖ്യമന്ത്രിയായത് ഇ.കെ. നായനാരായിരുന്നു. ഗൗരിയമ്മയുടെ ധാര്‍ഷ്ട്യത്തെ ഭയന്ന പാര്‍ട്ടി അവരെ മുഖ്യമന്ത്രി പദവിയില്‍നിന്നു മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു.
1994 ജനുവരി മാസം ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്തായി. 1994ല്‍ ജനാധിപത്യസംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപീകരിച്ചു. 1996 ല്‍ കേരളത്തില്‍ ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ രൂപീകരിക്കുമ്പോള്‍ ആദ്യമായി ഒരിടതു ഇടതുമന്ത്രിസഭയില്‍ ഗൗരിയമ്മയുടെ അസാന്നിദ്ധ്യവും പ്രതിപക്ഷത്തെ ഗൗരിയമ്മയുടെ സാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. 2001ല്‍ അധികാരത്തില്‍ വന്ന ആന്റണിയുടെ യു.ഡി.എഫ് മന്ത്രിസയില്‍ ഗൗരിയമ്മയെ അംഗമായി. 2004ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അവര്‍ അംഗമായിരുന്നു.
ഏതാണ്ട് കാല്‍നൂറ്റാണ്ടോളം നീണ്ട വലതുപക്ഷ സഹയാത്രയുമായി തികഞ്ഞ കമ്മ്യൂണിസ്റ്റായ ഗൗരിയമ്മക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 2014 ല്‍ വീണ്ടും ഇടതുപക്ഷത്തേയ്ക്കുതന്നെ അവര്‍ ജെ.എസ്.എസുമായി തിരിച്ചുവന്നു. എന്നാല്‍ പഴയ രീതിയില്‍ ഗൗരിയമ്മയെ ഉള്‍കൊള്ളാന്‍ ഇടതുപക്ഷത്തിനും ആയില്ല. സ്വന്തം പാര്‍ട്ടിയിലെ പിളര്‍പ്പുകളും പിന്നീടുണ്ടായ തകര്‍ച്ചയും കണ്ട് അവര്‍ മെല്ലെ സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്‍വലിഞ്ഞു തുടങ്ങി. നൂറ്റാണ്ടു കഴിഞ്ഞ പ്രായവും രോഗങ്ങളും തളര്‍ത്തിയ കേരളത്തിന്റെ വിപ്ലവനായിക അരൂരിലെ വീട്ടില്‍ വിശ്രമജീവിതവുമായി ഒതുങ്ങി. അവസാനം ആറു പതിറ്റാണ്ടോളം ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് ചികിത്സാര്‍ത്ഥം തിരുവനന്തപുരത്തുള്ള വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റി.
1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു മുതല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്ത ഗൗരിയമ്മ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി തപാല്‍വോട്ടും ചെയ്തു