കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം നിയമപരം; ഹര്‍ജി ഹൈക്കോടതി തള്ളി

0
259

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപരമല്ലെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്. കെ റെയില്‍ പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സാധ്യമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 

എന്നാല്‍ കെ റെയില്‍ പ്രത്യേക പദ്ധതിയല്ലെന്നും, സാധാരണ റെയില്‍വേ പദ്ധതി മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രത്യേക പദ്ധതിയുടെ പട്ടികയില്‍ വന്നാല്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. എന്നാല്‍ പ്രത്യേക പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുക്കാനും, പദ്ധതി നിര്‍വഹണത്തിനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കെ റെയിലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് നഗരേഷ് തള്ളിയത്. കേന്ദ്രസര്‍ക്കാര്‍ സില്‍വര്‍ ലൈനെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരത്തില്‍ പ്രത്യേക റെയില്‍വേ പദ്ധതിയുടെ ഭാഗമല്ലാത്തതിനാല്‍ കെ റെയിലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സര്‍വേ, ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാരിനും, കെ റെയില്‍ കോര്‍പ്പറേഷനും മുന്നോട്ടുപോകാമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 
 

Leave a Reply