Pravasimalayaly

മഹാരാഷ്ട്രയിലെ ജനകീയ ഗവര്‍ണര്‍,ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളി; ശങ്കരനാരായണന്‍ എന്ന അതികായന്‍

ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍.മഹാരാഷ്ട്ര, നാഗാലാന്‍ഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായി. അരുണാചല്‍ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളില്‍ അദ്ദേഹം ഗവര്‍ണറുടെ അധികച്ചുമതലയും വഹിച്ചു.

മഹാരാഷ്ട്രയിലെ ജനകീയനായ ഗവര്‍ണറായിട്ടായിരുന്നു ശങ്കരനാരായണന്‍ അറിയപ്പെട്ടത്.2014ല്‍ കെ.ശങ്കരനാരായണനും ഭാര്യ രാധയും രാജ്ഭവന്റെ പടിയിറങ്ങുമ്പോള്‍ വികാരനിര്‍ഭരമായ യാത്രയപ്പാണ് പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുളള അന്നത്തെ മഹാരാഷ്ട്ര മന്ത്രിസഭ നല്‍കിയത്. ശങ്കരനാരായാണന്‍ ഗവര്‍ണറായി എത്തിയതിന് ശേഷമാണ് രാജ്ഭവന്റെ വാതില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടത്.

മറ്റുഗവര്‍ണര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ബഡ്ജറ്ററി അധികാരങ്ങള്‍കൂടി മഹാരാഷ്ട്ര ഗവര്‍ണറില്‍ നിക്ഷിപ്തമായിരുന്നു. തനിക്കും തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും നിര്‍ണായക ഘട്ടങ്ങളില്‍ ശങ്കരനായാണന്‍ തന്ന ബുദ്ധിപരമായ ഉപദേശം വലിയ പ്രയോജനം ചെയ്താതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാന്‍ പറഞ്ഞിട്ടുണ്ട്.

ഗവര്‍ണറായിരിക്കുമ്പോള്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഭരണഘടനാ പദവി ദുരുപയോഗം ചെയ്യാന്‍ ഒരിക്കലും കൂട്ടാക്കിയില്ല. മഹാരാഷ്ട്രയിലെ 19 സര്‍വകലാശാലകളുടെ ചാന്‍സലര്‍കൂടിയായിരുന്നു അദ്ദേഹം.


വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി.പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

നിരവധി തവണ കേരളത്തില്‍ മന്ത്രിയായിട്ടുണ്ട്. നാലുതവണ മന്ത്രിയായിരുന്ന ശങ്കരനാരായണന്‍ 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. 1985 മുതല്‍ 2001 വരെയായിരുന്നു യുഡിഎഫ് കണ്‍വീനര്‍ ചുമതല അദ്ദേഹം നിര്‍വഹിച്ചത്.1977ല്‍ തൃത്താലയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭാംഗമായത്. 1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987ല്‍ ഒറ്റപ്പാലത്ത് നിന്നും 2001ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1982ല്‍ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ ഇ പത്മനാഭനോടും 1991ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി സി കബീറിനോടും പരാജയപ്പെട്ടു.1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാനായും 1977-1978ല്‍ കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ കെ ആന്റണി മന്ത്രിസഭയിലെ ധനകാര്യ,എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു.കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ശങ്കരനാരായണന്‍ 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

Exit mobile version