ശശി തരൂരിനെ തടഞ്ഞുവെന്നത് വ്യാജ പ്രചാരണം; വാദം തള്ളി കെ സുധാകരന്‍

0
33

യൂത്ത് കോൺഗ്രസ്‌ സംവാദ  പരിപാടിയില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിന് കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം തള്ളി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. യൂത്ത് കോൺഗ്രസ് എന്നത്  സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ല.

തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണെന്നും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നുമാണ് കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമാക്കിയത്. നേരത്തെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ശക്തമായ മത്സരം കാഴ്ചവെച്ച ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിൻവാങ്ങിയിരുന്നു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്.

ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റമെന്നായിരുന്നു വിശദീകരണം. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, അവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുക്കുകയും ചെയ്തിരുന്നു. എഐസിസി അവഗണന തുടരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാനുള്ള നീക്കവുമായി മലബാര്‍ പര്യടനം ഞായറാഴ്ച ആരംഭിക്കാനിരിക്കെയാണ് വിവാദമുയര്‍ന്നത്.

എഐസിസിയും കെപിസിസിയും അറിയാതെയുള്ള തരൂരിന്‍റെ യാത്രക്ക് ഏറെ പ്രധാന്യമുണ്ടെന്നാണ് നിരീക്ഷണം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്‍റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവന്‍ എംപിയാണ് പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്. തരൂരിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന സന്ദേശവുമായി ലീഗും നീക്കത്തെ പിന്തുണക്കുന്നുണ്ട്.കെ മുരളീധരനടക്കം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രോത്സാഹനവും തരൂരിനുണ്ട്. എന്നാല്‍ തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്നാണ് എഐസിസിയുടെ പ്രതികരണം. 

Leave a Reply