മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ടു നൽകിയ പരാതിയിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
പിണറായി വിജയൻ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയിൽ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമർശം. ഇതിനെതിരെ സിപിഎം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ, മലബാറിലെ ഒരു നാട്ടുശൈലിയാണ് താൻ പറഞ്ഞതെന്നും പരാമർശത്തിൽ മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ അറിയിച്ചിരുന്നു.