Pravasimalayaly

എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ? ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കെ.സുധാകരന്‍

പാലക്കാട്: മലമ്പുഴ കുന്നങ്കോട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബി.ജെ.പിയുടെ തലയില്‍ വെക്കാന്‍ കഴിയുമോ എന്ന് സുധാകരന്‍ ചോദിച്ചു.
രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നു എന്നതിനപ്പുറത്ത് എല്ലാ കഥകളും ബി.ജെ.പിയുടെ തലയില്‍ കയറ്റിയിടാന്‍ പറ്റുമോ? ഇത് സി.പി.എം. ആണ് എന്ന കാര്യത്തില്‍ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സി.പി.എമ്മിന്റെ സ്‌ട്രോങ് പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുമായി ബന്ധമില്ല, അവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ് എന്ന് സി.പി.എം. പറയുമ്പോള്‍ അത് തിരുത്തുന്നത് സി.പി.എമ്മുകാര്‍ തന്നെയാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ബി.ജെ.പി. സജീവപ്രവര്‍ത്തകരാണെന്നും വ്യാജപ്രചാരണം തിരിച്ചറിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നത് ആര്‍.എസ്.എസ്. ബി.ജെ.പി. പതിവ് ശൈലിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

Exit mobile version