Monday, November 25, 2024
HomeNewsKerala സമരക്കാരെ കായികമായി നേരിട്ടാൽ, പൊലീസിനെ ജനം തെരുവിൽ കൈകാര്യം ചെയ്യും: കെ സുധാകരൻ

 സമരക്കാരെ കായികമായി നേരിട്ടാൽ, പൊലീസിനെ ജനം തെരുവിൽ കൈകാര്യം ചെയ്യും: കെ സുധാകരൻ

സിൽവർലൈൻ കല്ലിടലിന് എതിരേ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണം. പൊലീസിന്റെ ലാത്തിക്കും തോക്കിനും മുന്നിൽ പിന്തിരിഞ്ഞ പാരമ്പര്യം കോൺഗ്രസിനില്ല. സമരക്കാരെ പൊലീസ് കായികമായി നേരിട്ടാൽ പൊലീസിനെ ജനം തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉദ്യോഗസ്ഥർക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണ്. കോട്ടയം മടപ്പള്ളിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പൊലീസ് നടത്തിയ അതിക്രമം ആരും മറന്നിട്ടില്ല. ജനങ്ങളെ കയ്യേറ്റം ചെയ്യാനും ചവിട്ടിമെതിക്കാനും ആരാണ് പൊലീസിന് അധികാരം തന്നത്. സമരക്കാരെ അടിച്ചമർത്താനുള്ള സർക്കാരിന്റെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ നിലയ്ക്കു നിർത്തണം അല്ലെങ്കിൽ കേരളീയ സമൂഹത്തിന്റെ പ്രതിഷേധ പ്രതികരണത്തെ അഭിമുഖീകരിക്കേണ്ടിവരും. അധികാരമുഷ്ടി പ്രയോഗിച്ച് സർവേക്കല്ല് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എങ്കിൽ കോൺഗ്രസ് പ്രവർത്തകർ അത് പിഴുതെറിയുമെന്നും അദ്ദേഹം അറിയിച്ചു. 

ഡൽഹി ജഹാംഗീർപുരിയിൽ ബുൾഡോസറുകൾക്ക് മുന്നിൽ ചാടിവീണ് ഇടിച്ചു നിരത്തലുകളെ എതിർത്ത ബൃന്ദാ കാരാട്ട് സിൽവർലൈൻ പദ്ധതിയുടെ പേരിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ കണ്ണീർ കാണാതെ പോകുന്നത് നിരാശാജനകമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സിൽവർലൈൻ കല്ലിടൽ വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരത്തും കണ്ണൂരും പ്രതിഷേധമുണ്ടായിട്ടുണ്ട്. ഇന്ന് രാവിലെയാണ് സിൽവർലൈൻ സർവേ പുനരാരംഭിച്ചത്.

തിരുവനന്തപുരം കഴക്കൂട്ടത്തെ കരിച്ചാറയിൽ കല്ലിടനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. പോലിസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒരാൾ ബോധരഹിതനായി വീണു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ കല്ലിടൽ നിർത്തി മടങ്ങുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments