Pravasimalayaly

കെ റെയില്‍ പദ്ധതിയ്‌ക്കെതിരല്ല; ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ നടപ്പാക്കാവു; നിലപാട് തിരുത്തി കെ.സുധാകരന്‍

കെ റെയില്‍ പദ്ധതിയ്‌ക്കെതിരല്ലെന്നും പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ നടപ്പാക്കാവുയെന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് അനാവശ്യ ധൃതിയുണ്ടാകുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയുമാണ് ചെയ്തത്. അതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തതെന്നും കെ.സുധാകരന്‍ പറഞ്ഞു.
ആരുടെ മനസിലും സത്യസന്ധമായി ആശങ്കയില്ലാത്ത തരത്തിലാകണം പദ്ധതി നടപ്പാക്കേണ്ടത്. എല്ലാതരം ആശങ്കകളും പരിഹരിക്കുന്നതിനായി പദ്ധതിയുടെ വിശദമായ ഡിപിആര്‍ ആദ്യ ഘട്ടത്തില്‍ തയാറാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആ ഡിപിആര്‍ വെച്ച് സമൂഹത്തെ ബോധ്യപ്പെടുത്തണം. അതിന്റെ പാരിസ്ഥിതിക ആഘാതവും സാങ്കേതിക ആഘാതങ്ങളെ സംബന്ധിച്ചും പഠനങ്ങള്‍ വേണം. അതടിസ്ഥാനപ്പെടുത്തി പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും പൊതുസമൂഹത്തേയും മറ്റും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെ ആരുടേയും മനസില്‍ ആശങ്കയില്ലാതെ പദ്ധതി നടപ്പാക്കണമെന്നേ പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതില്‍ ആശങ്കയുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എടുത്തുചാട്ടമാണ്. എന്തിനാണ് ഇത്ര ധൃതിയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് ഇത്രയും വലിയൊരു സാമ്പത്തിക ബാധ്യത ഏറ്റെടുക്കന്‍ ശേഷിയുണ്ടോയെന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച ആശങ്ക. അതുകൊണ്ടാണ് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എണ്ണി എണ്ണി പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍ അതൊന്നും വകവെക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. പദ്ധതിയെ സംബന്ധിച്ച ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിനെ പോലും വിശ്വസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് താത്കാലിക അനുമതി ലഭിച്ചുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണം. എന്നാല്‍ അങ്ങനൊരു അനുമതി നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Exit mobile version