കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ് വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാൻ അച്ചടക്ക സമിതി യോഗം ചേരുന്നതിന് മുന്നോടിയാണ് പ്രതികരണം.
കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കെ.വിതോമസ് പറഞ്ഞിരുന്നു. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്. ഈ വിഷയത്തിൽ തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമായി കണ്ട് വിമർശിക്കുന്ന അവസ്ഥയുണ്ടായിഎന്നും അദ്ദേഹം പറഞ്ഞു.