Pravasimalayaly

പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് കെ.വി തോമസ്; വിവരമില്ലായ്മയെന്ന് കെ. സുധാകരൻ; നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡ്

കെ.വി. തോമസിന്റെ വിഷയത്തിൽ നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും കെ റെയിലിൽ കെ.വി. തോമസിന്റെ നിലപാട് വിവരമില്ലായ്മയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് അദ്ദേഹം. ഈ വിഷയത്തിൽ ഹൈക്കമാൻഡിന് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ചത് രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയാണ്. ​ഗുതുതര അച്ചടക്ക ലംഘനമാണ് നടത്തിയത്. പാർട്ടി പ്രവർത്തകരുടെ വികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് നടപടി. അധികാര മോ​ഹിയായ കെ.വി. തോമസ് സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഈ നിലപാട് കൈക്കൊള്ളുന്നതെന്നും സുധാകരൻ വിമർശിച്ചു.

വിവാദങ്ങൾക്കൊടുവിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്തിരുന്നു. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ്
അദ്ദേഹം വേദിപങ്കിട്ടത്.

എഐസിസി അംഗം കെ.വി. തോമസിനെ കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിൽ കെ.വി. തോമസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. കെ.വി. തോമസിനെ ക്ഷണിച്ചത് കോൺ​ഗ്രസിന്റെ പ്രതിനിധിയായാണ്. സെമിനാറിൽ പങ്കെടുത്താൽ ചിലർ അദ്ദേഹത്തിന്റെ മൂക്കുചെത്തിക്കളയുമെന്നൊക്കെ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരു ചുക്കും സംഭവിക്കില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. നാളെ എന്താകുമെന്ന പ്രവചനം നടത്താൻ തയ്യാറാകുന്നില്ലെന്നും പിണറായി സൂചിപ്പിച്ചു.

Exit mobile version