എത്യോപ്യയിൽ നിന്നും കാനഡയിലേക്ക് യാത്രാനുമതി കിട്ടാതെ കുടുങ്ങിയ 31 ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ യാത്രക്ക് അനുമതി ലഭ്യമാക്കാൻ കെ.സുധാകരൻ എം.പിയുടെ അടിയന്തിര ഇടപെടൽ ഫലം കണ്ടു.
കനേഡിയൻ വിസ കരസ്ഥമാക്കിയ 40 പേർ അടങ്ങിയ ഇന്ത്യൻ സംഘമാണ് കോവിഡ് സാഹചര്യത്തിൽ കൊച്ചിയിൽ നിന്നും എത്യോപ്യ വഴി കാനഡയിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി യാത്ര തിരിച്ചത്.
മെയ് പതിനാറാം തീയതി എത്യോപ്യയിലെ അഡിസ് അഹാബ എയർപോർട്ടിൽ എത്തിയ സംഘം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിന് ശേഷം ടൊറന്റോയിലേക്കുള്ള എത്യോപ്യൻ എയർലൈനിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനം.എന്നാൽ എത്യോപ്യൻ എമിഗ്രേഷൻ അധികൃതർ കാനഡ യിലേക്കുള്ള വിമാനത്തിൽ കയറുവാനായുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
തുടർന്ന് അഡിസ് അഹാബയിലെ കനേഡിയൻ എംബസി ലേക്ക് വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കുകയും ചെയ്തു.
കനേഡിയൻ അധികൃതരുടെ പരിശോധന വൈകിയതിന്റെ അടിസ്ഥാനത്തിൽ മൂന്നു ദിവസത്തോളം ഈ സംഘം അഡിസ് അഹാബ യിൽ കുടുങ്ങി.
യാത്രാനുമതി കിട്ടാതെ ബുദ്ധിമുട്ടിലായ ചില
വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ വിഷയം പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തി. എം.എൽ എ കെ സുധാകരൻ എംപിയുമായി ബന്ധപ്പെട്ട് വിഷയത്തിൽ എടപെടുവിച്ചു.
തുടർന്ന് വിദേശകാര്യ മന്ത്രാലയവുമായും അഡിസ് അഹാബയിലെ ഇന്ത്യൻ എംബസിയുമായും കെ.സുധാകരൻ എം.പി ബന്ധപ്പെട്ട് കനേഡിയൻ അധികൃതരുമായി ചർച്ച നടത്തുകയും എത്തിയോപ്യൻ എയർലൈനിൽ ഇന്നലെ രാത്രിയിൽ 31 പേർക്ക് തിരിച്ച് ടൊറൊന്റോയിലേക്ക് യാത്ര ചെയ്യുവാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.
40 അംഗ വിദ്യാർത്ഥികളിൽ എട്ടുപേർക്ക് യാത്ര ചെയ്യാനുള്ള അനുമതി ഇനിയും ലഭിക്കാനുണ്ട് അതിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് അയതുമൂലം ക്വാറന്റെയിനിലേക്ക് മാറ്റുകയും ചെയ്തു എന്ന വിവരം വിദേശകാര്യമന്ത്രാലയം കെ സുധാകരൻ എം.പി യെ രേഖാമൂലം അറിയിച്ചു.
സമയോചിതമായി കെ.സുധാകരൻ എം.പി ദ്രുതഗതിയിൽ ഇടപെട്ടത് മൂലമാണ് വിദ്യാർത്ഥികളുടെ യാത്രക്ക് അനുമതി ലഭ്യമായത്. കേരളത്തിലെ ഒരു സ്വകാര്യ ട്രാവൽ കമ്പനി വിദ്യാർത്ഥികളുടെ യാത്ര എത്യോപ്യ വഴി കാനഡയിലേക്ക് എത്താനുളള യാത്രാമാർഗ്ഗം ഷെഡ്യൂൾ ചെയ്തു.