മുന്നണി വിപുലീകരണം ചര്‍ച്ചയിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളെല്ലാം മാറ്റിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ ഉടന്‍ മാറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാര്‍ അടുത്ത കാലത്ത് നിയമിച്ചവരാണ്. എന്നാല്‍ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവരെ പുതുക്കി പുനഃസംഘടിപ്പിക്കും. കെഎസ് യു പുനഃസംഘടന രണ്ടാഴ്ചയ്ക്കകം നടത്തും. വി ടി ബല്‍റാമിനാണ് ചുമതല.
കെഎസ് യു ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കും പരിഗണിക്കും. മുല്ലപ്പള്ളി രാമചന്ദ്രനെ ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണിച്ചെങ്കിലും വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു. പങ്കെടുക്കാന്‍ കഴിയാത്ത മറ്റു നേതാക്കള്‍ കാരണം അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.