Pravasimalayaly

കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല, ആരു കുറ്റിനാട്ടിയാലും പറിച്ചെറിയും: കെ സുധാകരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്. സില്‍വര്‍ ലൈന്‍കടന്നുപോകുന്ന ഇടങ്ങളിലൂടെ പദയാത്ര നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എന്തുവന്നാലും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയാന്‍ കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല. അനുവാദമില്ലാതെ പിണറായി വിജയന്‍ വന്ന് കുറ്റിനാട്ടിയാലും കുറ്റിപറച്ചിരിക്കും. ജനങ്ങളെ അണിനിരത്തിയാകും കോണ്‍ഗ്രസിന്റെ സമരം. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെയാണ് സില്‍വര്‍ ലൈനുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കെ റെയില്‍ വേണ്ട കേരളം മതി എന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. 

കേരളം വര്‍ഗീയകലാപത്തിലേക്ക് പോയാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്.പിണറായി അധികാരത്തിലേറിയതിന് പിന്നാലെ 60 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സംസ്ഥാനത്ത് കൊല നടക്കുന്നത്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നില്ല. ഈ സംസ്ഥാനം മൊത്തം ലഹരിമരുന്നിന് അടിമയാണ്. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ലഹരിമരുന്നുമായി അടുത്ത ബന്ധമുണ്ട്. ഒന്നരവര്‍ഷമായി കൊടി സുനി പുറത്താണ്. സുനി ലഹരിക്കച്ചവടമാണ് പുറത്തുനടന്നതെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ 1019 പേര്‍ കൊല്ലപ്പെട്ടു. പൊലീസിലെ ക്രിമിനല്‍ വത്കരണം കൂടി ഇതിന് കാരണമാണ്. കേരളപൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം വെറും നോക്കുകുത്തിയായി. ഇന്റലിജന്‍സ് പിരിച്ചുവിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ സംരക്ഷണത്തിന് വേണ്ടിമാത്രമാണ് ഇവിടുത്തെ പൊലീസ് നിലകൊള്ളുന്നത്. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ മാനവീയ ജനകീയ പ്രതിരോധവുമായി പാലക്കാട് ഏപ്രില്‍26ന് ശാന്തിപദം സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ 25,000 കേന്ദ്രങ്ങളില്‍ മെയ് മാസത്തില്‍ സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version