സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നല്കാന് മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും കെ സുധാകരന്.
ബാഗേജ് കാണാതായ സംഭവത്തില്‍ പരസ്പരവിരുദ്ധ കാര്യങ്ങള്‍ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു. മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്ന് ശിവശങ്കര്‍ മൊഴിയില്‍ പറയുന്നുണ്ട്. സ്വപ്ന ആരോപിക്കുന്നത് ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്നുമാണ്. ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരന് പറഞ്ഞു.
രഹസ്യമൊഴി കളവാണെന്ന് പറയുന്ന മുഖ്യമന്ത്രി സ്വപ്നയ്ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിചിത്രവും അത്രയങ്ങ് ദഹിക്കാത്തതുമാണ്. നുണകള്‍കൊണ്ട് പ്രതിരോധ കോട്ട തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സ്വപ്നയുടെ രഹസ്യമൊഴി മാറ്റാന്‍ ശ്രമിച്ച ഇടനിലക്കാരന് കെട്ടുക്കഥയാണെങ്കില്‍ വിജിലന്‍സിന്റെ അതീവ രഹസ്യനീക്കങ്ങള്‍ എങ്ങനെയാണ് ഇയാള്‍ മനസിലാക്കിയെന്നത് കേരളീയ സമുഹത്തോട് പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.