Sunday, November 24, 2024
HomeNewsKeralaബജറ്റ് നിരാശജനകമെന്ന് കെ സുരേന്ദ്രൻ

ബജറ്റ് നിരാശജനകമെന്ന് കെ സുരേന്ദ്രൻ

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് തന്നെയാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത്. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചെലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പൊതുമരാമത്ത് കാരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങള്‍ക്ക് എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ഗ്രാന്‍ഡ് മാത്രമാണ് ബജറ്റിന് ആധാരം. മറ്റൊരു ധനാഗമ മാര്‍ഗവും സര്‍ക്കാരിനില്ലെന്ന് വ്യക്തമായി. കൊറോണ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടേയും വഴിയോര കച്ചവടക്കാരുടേയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചെങ്കിലും കേരള ബജറ്റില്‍ അത്തരമൊരു ശ്രമവും ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനങ്ങളിലെല്ലാം നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോള്‍ കേരളത്തില്‍ അതിന് വേണ്ടിയുള്ള ശ്രമമില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേന്ദ്രപദ്ധതികളുടെ പുനരാവിഷ്‌ക്കരണം മാത്രമാണ് ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നത്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊറോണ മഹാമാരിയില്‍ നൂറുകണക്കിന് പേര്‍ ദിവസവും മരിക്കുമ്പോള്‍ ആരോഗ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാതിരുന്നത് ജനദ്രോഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ കേരളത്തിന്റെ പൊതുകടം കുറയ്ക്കാനാവുകയുള്ളൂ. എന്നാല്‍ ധനമന്ത്രി അടിസ്ഥാന സൗകര്യ മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. കുട്ടനാടിന് വേണ്ടി സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപനം പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments