ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തെ പറ്റി സര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് വേണ്ടെന്നുവച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. ഗവര്‍ണര്‍ക്ക് ലഭിക്കാത്ത നീതി സാധാരണ ജനങ്ങള്‍ക്കും ലഭിക്കില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു. സിപിഐഎമ്മിനോട് തനിക്ക് സഹതാപമാണ്. ഒരു ഗവര്‍ണര്‍ക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ ആക്രമണമുണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ കേസെടുക്കാം. നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.