തിരുവനന്തപുരം:പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് എതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം നടന്ന സ്ഥലം നേരത്തെ വര്‍ഗീയ സംഘര്‍ഷം നടന്ന സ്ഥലമാണ്. അവിടെ ജാഗ്രത നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും പങ്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ പ്രകോപനപരമായ പ്രകടനങ്ങള്‍ നടക്കുന്നു. അക്രമം ജില്ല മുഴുവന്‍ വ്യാപിപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് ശ്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിച്ചു. ഒരു കേസിലും പ്രതിയല്ലാത്ത തികച്ചും നിരപരാധിയായ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. പൊലീസിന് കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പരിശീലനം ലഭിച്ച കൊടും ക്രിമിനലുകള്‍ റോന്തുചുറ്റുന്നു എന്ന് പൊലീസിന് വിവരമുണ്ടായിരുന്നു. എന്നിട്ടും ഒന്നും ചെയ്തില്ല. പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. എന്തെടുക്കുകയായിരുന്നു പൊലീസ് എന്നും സുരേന്ദ്രന്‍ ചോദിച്ചു.
എന്തുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാത്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണ്. കേന്ദ്രത്തിന്റെ ഇടപെല്‍ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.