Sunday, January 19, 2025
HomeNewsKerala'ഒന്നുകിൽ മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക അല്ലെങ്കിൽ ഇന്ത്യാവിഷന്റെ ഗതി വരും'; പരിഹാസവും...

‘ഒന്നുകിൽ മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക അല്ലെങ്കിൽ ഇന്ത്യാവിഷന്റെ ഗതി വരും’; പരിഹാസവും മുന്നറിയിപ്പുമായി കെ.ടി. ജലീൽ

മുസ്ലിം ലീഗിനെ പരിഹസിച്ച് കുറിപ്പുമായി മുൻ മന്ത്രിയും തവനൂർ എം.എൽ.എയുമായ കെ.ടി. ജലീൽ. സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച പഴയ കാല നേതാക്കൾ കടങ്കഥയാകുന്നുവെന്നും ദരിദ്രരരായി വളർന്ന് സമ്പന്നരായി വിലസുന്ന നേതാക്കൾ വാഴുന്ന ഹൈടെക് യുഗം ലീഗിൽ പിറക്കുന്നുവെന്നും ജലീൽ പരിഹസിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമതി യോഗത്തിന്റെ മാധ്യമ വാർത്ത പങ്കുവെച്ചായിരുന്നു കെ.ടി. ജലീലിന്റെ കുറിപ്പ്. ‘ലീഗിന് പട്ടിണി! നേതാക്കൾക്ക് സമൃദ്ധി!’ എന്ന തലക്കെട്ടിലാണ് ജലീൽ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ ലീഗ് എത്രകാലം മുന്നോട്ട് പോകുമെന്നും ജലീൽ ചോദിച്ചു.

ഒന്നുകിൽ മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക. അതല്ലെങ്കിൽ അഞ്ച് കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവർക്ക് പാർട്ടിയെ നടത്താൻ കൊടുക്കുക. മുത്തിന് വിൽക്കാൻ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കിൽ ‘ഇന്ത്യാവിഷന്റെ’ ഗതി വരും മുസ്ലിം ലീഗിന്. മുത്താറിക്ക് പോലും ആരും വാങ്ങില്ല. ഏതു വേണമെന്ന് ഏതെങ്കിലും സ്വകാര്യ റിസോർട്ടിൽ വെച്ച് ചേരാൻ പോകുന്ന അടുത്ത പ്രവർത്തക സമിതിയിൽ ആലോചിച്ച് തീരുമാനിക്കാമെന്നും ജലീൽ പറഞ്ഞു.

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം

മുസ്ലിം ലീഗിന്റെ എൽ.എൽ.എമാരും പ്രമുഖ നേതാക്കളും മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹം ചാർട്ട് ചെയ്ത വിമാനത്തിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബാഗ്ലൂരിലേക്ക് പറക്കുന്നു. തിരിച്ച് എല്ലാവരും ഒരുമിച്ച് കൊച്ചിയിൽ അതേ വിമാനത്തിൽ ലാൻഡ് ചെയ്യുന്നു. പ്രത്യേക വാഹനങ്ങളിൽ നേരെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്വകാര്യ ഹോട്ടലിലേക്ക് പോകുന്നു. അവിടെവെച്ച് ലീഗിന്റെ സംസ്ഥാന പ്രവർത്തക സമിതി കൂടുന്നു. ആജൻമ ശത്രുക്കളെപ്പോലെ ലീഗ് നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നു. ചിലർ വാക്ക് പോരിൽ കക്ഷി ചേരുന്നു. മറ്റൊരു സംഘം മനസ്സിൽ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്നു. വേറെ ഒരു കൂട്ടർ എല്ലാം കണ്ട് ഊറിച്ചിരിക്കുന്നു. പിന്നെ പരസ്പരം കൈകൊടുത്ത് പിരിയുന്നു. നടന്ന സംഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ ചാനലുകൾക്ക് ചോർത്തിക്കൊടുക്കുന്നു. സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച പഴയ കാല നേതാക്കൾ കടങ്കഥയാകുന്നു. ദരിദ്രരരായി വളർന്ന് സമ്പന്നരായി വിലസുന്ന നേതാക്കൾ വാഴുന്ന ഹൈടെക് യുഗം ലീഗിൽ പിറക്കുന്നു.

കട്ടിലിന് ചുവട്ടിൽ ഒളിപ്പിച്ചുവെച്ച 60 ലക്ഷം കയ്യോടെ പിടികൂടപ്പെടുന്നു. കൈക്കൂലി വാങ്ങിയെന്ന് സ്വന്തം നേതാക്കളെ കുറിച്ച് ലീഗ് പ്രവർത്തകർ പരാതി നൽകുന്നു. ഇ.ഡി അവരുടെ സ്വത്ത് കണ്ട് കെട്ടുന്നു. കള്ളപ്പണ വെളുപ്പിക്കൽ കേന്ദ്രമായി പാർട്ടീ പത്രമാപ്പീസ് മാറുന്നു. പാലാരിവട്ടം പാലം അഴിമതിയിൽ നേതാവ് അകത്താകുന്നു. വിവിധ ബാങ്കുകളിൽ ലീഗ് കമ്മിറ്റികളുടെ പേരിൽ ലക്ഷങ്ങൾ അവരറിയാതെ കുമിഞ്ഞ് കൂടുന്നു മൂത്തവരെക്കണ്ടല്ലേ യൂത്തൻമാരും വളരുന്നത്. അവർ മൂന്നാറിൽ ഒരു നേതൃ ക്യാമ്പ് വെച്ചു. യൂത്ത്ലീഗ് നേതാക്കൾ വന്നിറങ്ങിയത് ഹെലികോപ്റ്റർ വാടകക്കെടുത്താണ്. വിമർശനം വന്നപ്പോൾ ഗൾഫിലെ വ്യവസായി സ്പോൺസർ ചെയ്തതെന്ന് വിശദീകരണം.

കത്വവയിലും ഉന്നാവയിലും ക്രൂരമായി കൊലചെയ്യപ്പെട്ട ബാലികമാർക്ക് വേണ്ടി വ്യാപക പണപ്പിരിവ് നടത്തുന്നു. സ്വരൂപിച്ച പണത്തിന് കയ്യും കണക്കുമില്ലാതാകുന്നു. കള്ളി വെളിച്ചത്തായപ്പോൾ അഖിലേന്ത്യാ യൂത്ത്ലീഗ് ഭാരവാഹി രാജി നൽകുന്നു. സംസ്ഥാന കമ്മിറ്റിക്കാർക്ക് കൈമാറിയ സംഖ്യയുടെ കണക്ക് പുറത്ത് വരുന്നു. ഇ.ഡി യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കേസെടുക്കുന്നു. അധികം വൈകാതെ സ്വന്തമായി കൂലിയും വേലയും ഇല്ലാത്ത യൂത്ത്ലീഗ് സിങ്കങ്ങൾക്ക് കൊട്ടാര സമാന വീടുകൾ സ്വന്തമാകുന്നു. ആഡംബര കാറുകളിൽ ചീറിപ്പായുന്നു. ഇടക്കിടെ വിദേശ ടൂറുകളിൽ ആർമാദിക്കുന്നു. ഗൾഫിൽ വ്യവസായ ശൃംഘലകൾ തുറക്കുന്നു. മൂത്തൻമാരും യൂത്തൻമാരും അടിച്ച് പൊളിക്കുമ്പോൾ കുട്ടികളായിട്ട് എന്തിന് ഖാഇദെമില്ലത്തിന്റെ വഴിയേ സഞ്ചരിക്കണം? അവരും ഉത്തരേന്ത്യയിലെ കുട്ടികൾക്കായി സഹായ പദ്ധതികൾ പ്രഖ്യാപിക്കുന്നു. ധനസമാഹരണം നടത്തുന്നു. ശേഖരിച്ച സംഖ്യയെ കുറിച്ച് മൗനം പാലിക്കുന്നു. പിരിക്കലും മുക്കലും ലീഗിൽ തുടർക്കഥയാകുന്നു. എം.എസ്.എഫിൽ വിശ്വാസമർപ്പിച്ച കുട്ടികളുടെ ഡാറ്റകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറി പണം പറ്റിയെന്ന് എം.എസ്.എഫിലെ തന്നെ നേതാക്കൾ ആരോപിക്കുന്നു. ഹരിത പെൺകുട്ടികളെ അപമാനിക്കുന്നു. ചോദ്യം ചെയ്തവരെ പടിയടച്ച് പിണ്ഡം വെക്കുന്നു.

എങ്ങും എവിടെയും തട്ടിപ്പും വെട്ടിപ്പും അഴിമതിയും. നേതാക്കൾ സമ്പന്നതയുടെ മടിത്തട്ടിൽ വിലസുമ്പോൾ പാർട്ടി മുഴുപ്പട്ടിണിയിൽ ചക്രശ്വാസം വലിക്കുന്നു. മിഡിൽ ഈസ്റ്റ് ചന്ദ്രിക നിർത്തി. ചന്ദ്രിക വീക്കിലിയുടെ അച്ചടിപ്പതിപ്പ് അവസാനിപ്പിച്ചു. മഹിളാ ചന്ദ്രിക വേണ്ടെന്ന് വെച്ചു. ചന്ദ്രികയിൽ ജീവനക്കാർക്ക് ശമ്പളം പതിവായി മുടങ്ങി. ആളും നാഥനുമില്ലാത്ത അവസ്ഥ. അച്ചടക്ക ലംഘനം ലീഗിന്റെ അഭിവാജ്യ ഘടകമായി. നടപടിക്ക് ത്രാണിയില്ലാതെ നേതൃത്വം മുട്ട് വിറച്ച് നിൽക്കുന്ന ചിത്രം ദയനീയം. ലീഗ് രാഷ്ട്രീയത്തിന്റെ വർത്തമാന ഉള്ളടക്കമാണ് മുകളിൽ പറഞ്ഞത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments