എറണാകുളം കലൂരില്‍ മാലിന്യശേഖരണ തൊഴിലാളി മരിക്കാനിടയാക്കിയ അപകടത്തില്‍ വഴിത്തിരിവ്. കാര്‍ പരിശോധനയില്‍ എംഡിഎംഎ, കഞ്ചാവ് ബീഡി എന്നിവ കണ്ടെത്തി. കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വെളിപ്പെടുത്തി.അപകടത്തിന് പിന്നാലെ സ്‌കൂള്‍ യൂണിഫോമിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടിരുന്നു. കുട്ടികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ലൈംഗിക ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. മയക്ക് മരുന്ന് നല്‍കിയ ശേഷം ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. എരൂര്‍ സ്വദേശി ജിത്തു (28), തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കള്‍ക്കെതിരെ പോക്സോ കേസെടുത്തു
വ്യാഴാഴ്ച വൈകിട്ട് 6മണിക്ക് കലൂരില്‍ ആയിരുന്നു അപകടം നടന്നത്. ഓട്ടോറിക്ഷയും ഇലക്ട്രിക് സ്‌കൂട്ടറും ഉന്തുവണ്ടിയും ഇടിച്ചുതെറുപ്പിച്ച കാര്‍ കലൂര്‍ ദേശാഭിമാനി ജംക്ഷനില്‍ നാട്ടുകാരും പൊലീസും ചേര്‍ന്നാണു പിടികൂടിയത്. മാലിന്യശേഖരണ തൊഴിലാളിയായ വിജയന്‍ (40) സംഭവ ദിവസം തന്നെ മരിച്ചു. സ്‌കൂട്ടര്‍ യാത്രികന്‍ എളമക്കര കൊല്ലാട്ട് രാജശേഖരന്‍ (63) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണം.
വൈദ്യപരിശോധനയില്‍ യുവാക്കള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടു. മയക്കുമരുന്ന കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് പോക്സോ കേസ് ചുമത്തിയത്.