കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമ;പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

0
39

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും വിമര്‍ശനം. കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന് സംഘടന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.സമ്മേളനത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരൈയും വിമര്‍ശനമുയര്‍ന്നു. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണെന്നും ഒദ്യോഗിക നമ്പറില്‍ വിളിച്ചാല്‍ പോലും എടുക്കില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിക്ക് വകുപ്പില്‍ നിയന്ത്രണമില്ല. മുന്‍ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണാ ജോര്‍ജും തമ്മിലുള്ള തര്‍ക്കം നാണക്കേടായെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

എല്‍ഡിഎഫ് ജില്ലാ യോഗങ്ങളില്‍ കൂടിയാലോചന ഇല്ല. ജനീഷ് കുമാര്‍ എംഎല്‍എ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നത്. അങ്ങാടിക്കലില്‍ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വിമര്‍ശിക്കുന്നു.

അതേസമയം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും കാനം രാജേന്ദ്രന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐ നേതൃത്വം തിരുത്തല്‍ ശക്തിയാകുന്നില്ലെന്നായിരുന്നു വിമര്‍ശനം. എംഎം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെന്നും സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഐ നിലപാടെടുത്തില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Leave a Reply