എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. നിയമസംവിധാനത്തിന് പരിമിതികളുണ്ടെന്നും പൊലീസ് സ്റ്റേഷനുകളിൽ അറിയിപ്പ് നൽകിയിട്ടല്ല വർഗീയ സംഘടനകൾ ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
എല്ലാവരും മതനിരപേക്ഷത സംരക്ഷിക്കാൻ ഒരുമിക്കുകയാണ് വേണ്ടത്. കൊലപാതകങ്ങളിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ല. പ്രതികളെ ഉടൻ പിടികൂടുകയാണ് പൊലീസ് ചെയ്യേണ്ടത്. പാലക്കാട്ടെ ഇരട്ടക്കൊലപാതകം വർഗീയ സംഘടനകൾ തമ്മിലുള്ള തർക്കമാണ്. ഇത് നാടിന് ആപത്താണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ഇത് രാജ്യത്തിന് വളരെ വിനാശകരമായ പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മണ്ണ് വർഗീയ ശക്തികൾക്ക് വിട്ടുകൊടുക്കരുതെന്ന് എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്ലിംലീഗ് ക്യാമ്പയിൻ നടത്തും. ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തണമെന്നും കേരളം ഉണർന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.