Pravasimalayaly

കണ്ണൂരില്‍ വിവാഹസംഘത്തിനു നേരെ ബോംബ് എറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു,ഏച്ചൂര്‍ സ്വദേശി അക്ഷയ്; രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി

കണ്ണൂരില്‍ വിവാഹസംഘത്തിനു നേരെ ബോംബ് എറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഏച്ചൂര്‍ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞത് എന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അക്ഷയെ കൂടാതെ ഏച്ചൂര്‍ സ്വദേശികളായ റിജുല്‍, സനീഷ്, ജിജില്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സനീഷും ജിജിലും ഇന്നു രാവിലെയാണ് പിടിയിലായത്. ബോംബ് നിര്‍മ്മിച്ച ആള്‍ അടക്കമാണ് പിടിയിലായിരിക്കുന്നത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബിനെക്കുച്ച് അറിയാമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

തോട്ടടയിലുള്ളവര്‍ക്ക് നേരെ ഏച്ചൂരുകാര്‍ എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നെന്നാണ് പിടിയിലായവരും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വിവാഹം കഴിഞ്ഞ് തോട്ടടയിലേക്ക് എത്തിയവരുടെയെല്ലാം മൊഴി എടയ്ക്കാട് പൊലീസ് രേഖപ്പെടുത്തി. ബോംബറിഞ്ഞ ഏച്ചൂര്‍ സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന ഊര്‍ജിതമാക്കി.

കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയുമാണ് ബോംബേറില്‍ കലാശിച്ചത്. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയായിരുന്നു സ്ഫോടനം. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് കൊണ്ടത്.തല്‍ക്ഷണം ജിഷ്ണു കൊല്ലപ്പെട്ടു.

എന്നാല്‍ സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്ന് മേയര്‍ ആരോപിച്ചു. ഏറുപടക്കം വാങ്ങി ഉഗ്ര ശേഷിയുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത നാടന്‍ ബോംബാക്കി.ജില്ലയില്‍ ബോംബ് സുലഭമാകുന്നതിനെക്കുറിച്ച് പൊലീസ് ഗൗരവ പരിശോധന നടത്തണമെന്നും മേയര്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ജിഷ്ണുവും കേസിലെ പ്രതികളുമെന്നും മേയര്‍ പറഞ്ഞു. ഇവര്‍ ആസൂത്രിതമായി തന്നെയാണ് ഇത് ചെയ്തതെന്നും എല്ലാവര്‍ക്കും ഡ്രസ് കോഡുണ്ടായിരുന്നെന്നും മേയര്‍ ചൂണ്ടിക്കാട്ടി. കേസില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version