Pravasimalayaly

കശുമാങ്ങയിൽനിന്ന് മദ്യം: ‘കണ്ണൂർ ഫെനി’ ഡിസംബറോടെ; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

കശുമാങ്ങാനീര് വാറ്റി മദ്യം (Feni) ഉത്പാദിക്കുന്നതിന് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂൺ 30നാണ് ഉത്തരവ് ലഭിച്ചത്. കശുമാങ്ങയിൽനിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്. അടുത്ത ഡിസംബറോടെ ഉത്പാദനം തുടങ്ങും. പയ്യാവൂർ ടൗണിന് സമീപം രണ്ടേക്കർ സ്ഥലം കശുമാങ്ങ സംസ്‌കരിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.

പഴങ്ങൾ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ കഴിഞ്ഞ സംസ്ഥാന ബജറ്റിലുമുണ്ടായിരുന്നു. ഫെനി ഉത്പാദിപ്പിക്കുന്നതിന് ഡിസ്റ്റിലറി ആരംഭിക്കാൻ ബാങ്കിന് സർക്കാരിൽനിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങൾ ആവിഷ്‌കരിക്കാൻ വൈകിയതിനാൽ കഴിഞ്ഞ സീസണിൽ ഉത്പാദനം നടത്താനായില്ല.

കശുമാങ്ങ ഉപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഗോവയാണ്. ഫെനി ഉത്പാദിപ്പിക്കാൻ ലൈസൻസ് നൽകണമെന്ന് കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ഫെനി ഉത്പാദിപ്പിച്ചാൽ സർക്കാരിനും കർഷകർക്കും നല്ല വരുമാനമാകുമെന്നാണ് പയ്യാവൂർ സഹകരണ ബാങ്ക് സർക്കാരിന് സമർപ്പിച്ച പദ്ധതി റിപ്പോർട്ടിൽ പറയുന്നത്. ഒരു ലിറ്റർ ഫെനി ഉണ്ടാക്കാൻ 200 രൂപ ചെലവ് വരും. അത് ബിവറേജസ് കോർപറേഷന് വിൽക്കും. കോർപറേഷന് ഇത് 500 രൂപയ്ക്ക് വിൽക്കാമെന്നാണ് നിർദേശം.

കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടുന്നത് കൃഷിക്കാർക്ക് വലിയ നേട്ടമാകുമെന്ന് പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി ‘മാതൃഭൂമി’യോട് പറഞ്ഞു. 1991 ൽ പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കേ ഈ ആവശ്യമുന്നയിച്ച് സർക്കാരിന് നിവേദനം നൽകിയിരുന്നു. 2016 ൽ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുമതി ലഭിച്ചത്..

Exit mobile version