ന്യൂഡല്‍ഹി: നിലവില്‍ ബിജെപിയ്ക്ക് ബദലായി മാറാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാര്‍ട്ടിയെക്കുറിച്ച് ആഴത്തില്‍ അവബോധം സൃഷ്ടിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞു. താന്‍ രാഹുല്‍ഗാന്ധിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരല്ലെന്നും പാര്‍ട്ടിയുടെ നിലവിലെ ഘടനയെക്കുറിച്ചാണ് പറയുന്നതെന്നും ഒരു അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം..
18 മാസമായി ഒരു മുഴുവന്‍ സമയ പ്രസിഡന്റ് പോലുമില്ലാതെ എങ്ങിനെ ഒരു പാര്‍ട്ടിക്ക് മികച്ച പ്രതിപക്ഷമായി മാറാനാകുമെന്നും ചോദിച്ചു. എന്തുകൊണ്ടാണ് ഇത്രയും പരാജയം സംഭവിച്ചതെന്ന ചര്‍ച്ച നടത്താന്‍ പോലും പാര്‍ട്ടിയില്‍ ആരുമില്ല. ഇത് പറയുമ്പോള്‍ താന്‍ ഗാന്ധി കുടുംബത്തിന് എതിരേ നടത്തുന്ന ഉള്‍പാര്‍ട്ടി പോരാട്ടമായി വിലയിരുത്തും. എന്നാല്‍ അതല്ല. രാഹുലിന്റെ നേതൃത്വം പാര്‍ട്ടിയ്ക്കുള്ളില്‍ എന്തു സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന ചോദ്യത്തിന് ജനങ്ങള്‍ വയനാട് എംപിയെ കാണുന്നത് വെറും വ്യക്തിയായിട്ടല്ല എന്നായിരുന്നു മറുപടി.
രാഷ്ട്രീയവും സാമ്പത്തീകവുമായ ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനെത്തിയ ആളായിട്ടാണ് കാണുന്നത്. പാര്‍ട്ടി സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചും ചര്‍ച്ച ചെയ്യും വരെ താന്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍ വേദികള്‍ ഇല്ലാതായിരിക്കുന്നു ”അടുത്ത കാലത്തായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല. നിങ്ങളുടെ പാര്‍ട്ടിക്ക് എന്തുപറ്റി എന്ന ചോദ്യം അവര്‍ പതിവായി നേരിടുകയാണ്. അവരുടെ പാര്‍ട്ടിയോടുള്ള വൈകാരികതയ്ക്ക് എന്തുപറ്റി? താനുള്‍പ്പെടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരികതയ്ക്കാണ് മുറിവേറ്റത്. താന്‍ ആരേയും കുറ്റം പറയുന്നില്ല. മാറ്റം നാളെതന്നെ ഉണ്ടാകേണ്ട കാര്യമല്ല. 2014 ല്‍ തോറ്റു. 2019 ല്‍ തോറ്റു. ആഭ്യന്തര തെരഞ്ഞെടുപ്പിലൂടെയേ മാറ്റം വരു. അതിനായി നമ്മള്‍ ജനങ്ങളിലേക്ക് ഇറങ്ങണം. എന്താണ് കോണ്‍ഗ്രസിന്റെ ആശയമെന്ന് അവരോട് പറയാന്‍ തയ്യാറാകണമെന്നും പറഞ്ഞു.
നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കപില്‍ സിബലിന്റെ അഭിമുഖം കോണ്‍ഗ്രസില്‍ വലിയ കോലാഹലം തന്നെ ഉയര്‍ത്തിവിട്ടിട്ടുണ്ട്. പ്രത്യേകിച്ചും അടുത്തകാലത്ത് നടന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തില്‍. പാര്‍ട്ടിയുടെ അടുത്ത കാലത്ത് തെരഞ്ഞെടുപ്പിലെ പ്രകടനം കാണുമ്പോള്‍ ജനങ്ങള്‍ അതിനെ ഒരു ഫലപ്രദമായ ബദലായി തീരെ കാണുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്ന് നേരത്തേ തന്നെ കപില്‍ സിബല്‍ പ്രതികരിച്ചിരുന്നു.