Pravasimalayaly

രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ച് കര്‍ണാടക; ബെംഗളുരുവില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും

ബെംഗളുരു: കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തില്‍ നടപ്പാക്കിയ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കര്‍ണാടക. സാങ്കേതിക ഉപദേശക സമിതി (ടിഎസി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബെംഗളുരു നഗരത്തിലെ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള സ്‌കൂള്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.

രോഗമുക്തി നിരക്ക് വര്‍ധിച്ചതിനാല്‍ ജനുവരി 31 മുതല്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കുന്നതായി റവന്യൂ മന്ത്രി ആര്‍ അശോക് മാധ്യമങ്ങളോട് പറഞ്ഞു.

”രോഗമുക്തി നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ തീവ്രത കുറവാണ്. പൊതുഗതാഗതം, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് പൂര്‍ണ ഇരിപ്പിട ശേഷിയില്‍ പ്രവര്‍ത്തിക്കാം,” അദ്ദേഹം പറഞ്ഞു.

സിനിമാ ഹാളുകളും മള്‍ട്ടിപ്ലക്സുകളും 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി. തുറന്ന വേദികളില്‍ 300 പേര്‍ക്കും അടഞ്ഞ ഇടങ്ങളില്‍ 200 പേര്‍ക്കും വിവാഹങ്ങളില്‍ പങ്കെടുക്കാം.

ദൈനംദിന അനുഷ്ഠാനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊതുജനങ്ങളെ പ്രവേശിപ്പിക്കാം. സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍, സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതിയെന്നും അദ്ദേഹം പറഞ്ഞു.

കേരളം, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുമായുള്ള അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. സാമൂഹിക, മത, രാഷ്ട്രീയ റാലികള്‍ക്കുള്ള നിരോധനം തുടരും.

മൂന്നാം തരംഗത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് തിങ്കളാഴ്ച മുതല്‍ തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

Exit mobile version