കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ രാജിവച്ചു. ബിജെപി കേന്ദ്രനേതൃത്വം കെ.എസ്.ഈശ്വരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. പൊതുമരാമത്ത് കരാറുകാരന്റെ ആത്മഹത്യയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു
സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യപ്രേരണ കുറ്റമാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് കോടി രൂപയുടെ റോഡ് പണി പൂര്‍ത്തിയാക്കാനായി കൈയില്‍ നിന്ന് പണം മുടക്കിയിട്ട് ഒടുവില്‍ ഈശ്വരപ്പയും കൂട്ടാളികളും 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു ഇയാളുടെ ബന്ധുക്കളുടെ ആരോപണം. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്ക് കാരണമാകുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സന്തോഷിന്റെ ബന്ധുക്കളും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും. കമ്മീഷന്‍ മാഫിയയ്ക്കെതിരെ കര്‍ണാടകയിലെ സംയുക്ത കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ മെയ് 25ന് സംസ്ഥാനവ്യാപകമായി റാലി നടത്തും. 50,000 കോണ്‍ട്രാക്ടര്‍മാര്‍ റാലിയില്‍ പങ്കെടുക്കുമെന്നും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.