Pravasimalayaly

ഐ.എസ്.എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോകവേ അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: ഐഎസ്എല്‍ ഫൈനല്‍ ആവേശത്തില്‍ കണ്ണീര്‍ വീഴ്ത്തി കാസര്‍ഗോഡ് ഉദുമയില്‍നിന്ന് സങ്കടവാര്‍ത്ത. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ മത്സരം കാണാന്‍പോയ യുവാക്കള്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.

ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുന്ന ഹൈദരാബാദ് ടീമിലെ മലയാളി താരം റബീഹിന്റെ ബന്ധുവാണ് മരിച്ച ജംഷീര്‍. ഉദുമ പള്ളത്ത് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലെ മഡ്ഗാവിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇവര്‍.

യുവാക്കളുടെ സംഘം കാറിലും ബൈക്കിലുമായാണ് ശനിയാഴ്ച വൈകുന്നേരം ഗോവയിലേക്ക് തിരിച്ചത്. ഇന്ന് വൈകുന്നേരം ഗോവയില്‍ എത്തുന്നതിന് നിര്‍ത്താതെയുള്ള യാത്രയായിരുന്നെന്നാണ് കരുതുന്നത്. ബൈക്ക് ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചതും യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചതും.

Exit mobile version