Sunday, November 24, 2024
HomeNewsKeralaവിവാദ കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തു

വിവാദ കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തു

പത്തനംതിട്ട: വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു. കീഴ്‌വായ്പൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആര്‍ എസ് എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.

ജ​​ലീ​​ലിന്‍റെ വിവാദ ഫെയ്സ്ബു​​ക്ക് പോസ്റ്റ് കലാപ ഉദ്ദേശ്യത്തോടെയെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. പ്രതി ഇന്ത്യൻ പൗരനായിരിക്കെ, രാജ്യത്തെ നിലവിലെ ഭരണഘടനയെ അപമാനിക്കണമെന്നും രാജ്യത്ത് കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കൂടിയുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പെന്നും എഫ്ഐആറിൽ പറയുന്നു.

കശ്മീര്‍ യാത്രക്ക് പിന്നാലെ കെ ടി ജലീല്‍ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധിനിവേശ ജമ്മു കശ്മീരാണെന്ന പോസ്റ്റിലെ പരാമര്‍ശമാണ് വിവാദമായത്. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെടുന്നുവെന്നും പോസ്റ്റിലുണ്ട്. വിവാദമായതോടെ ജലീല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു.

വിഷയത്തില്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് അരുണ്‍ മോഹന്‍ കോടതിയെ സമീപിച്ചത്. ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലെ ‘ആസാദ് കശ്മീര്‍’, ‘ഇന്ത്യന്‍ അധിനിവേശ കശ്മീര്‍’ എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

153 ബി പ്രകാരം കലാപ ആഹ്വാനം, 1971-ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്-സെക്ഷന്‍ 2 എന്നിവ പ്രകാരം ജലീലിനെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട ജലീലിന്റെ കുറിപ്പിനെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. മന്ത്രിമാരായ എം വി ഗോവിന്ദനും പി രാജീവും കെ ടി ജലീലിന്റെ പോസ്റ്റിൽ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments