തിരുവനന്തപുരം: അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമല ചാടിയറയിൽ നിന്ന് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ജീവനക്കാർക്ക് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ ആദ്യ അറസ്റ്റ് ഉണ്ടാവുന്നത്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാര്‍, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റൻ്റ് മിലിൻ ഡോറിച്ച് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നത്.
മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
തെളിവായി സമർപ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. ഈ മാസം 20 ന് കൺസെഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെ എസ് ആര്‍ ടി സി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്.