Pravasimalayaly

വെള്ളക്കെട്ടില്‍ ബസ്സോടിച്ച്, തബല കൊട്ടി പ്രതിഷേധിച്ച ഡ്രൈവറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി (KSRTC Bus) ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ഒക്ടോബറില്‍  സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. പൂഞ്ഞാര്‍ (Poonjar) സെന്റ് മേരീസ് പള്ളിയുടെ (Poonjar St Marys Church) മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ് (KSRTC Bus) വെള്ളക്കെട്ടില്‍ മുങ്ങിയത്.വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും  വരുത്തിയ ഡ്രൈവറെ ഗതാഗതവകുപ്പ്   സസ്‍പെന്‍ഡ് ചെയ്‍തിരുന്നു.

ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ ആണ് സസ്പെൻഡ് ചെയ്‍തത്. ഏതായാലും ഏഴ് മാസങ്ങള്‍ക്ക് ശേഷം  ജയദീപിനെ തിരിച്ചെടുത്തു. അച്ചടക്ക നടപടി നിലനിർത്തി കൊണ്ട് ഗുരുവായൂരിലേക്ക് സ്ഥലം മാററി.സസ്പെൻഡ് ചെയ്തതിനെതിരെ ഗതാഗത മന്ത്രിയെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോയും പ്രചരിപ്പിച്ച് ജയദിപ് വിവാദത്തിലായിരുന്നു.തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം അന്ന് പങ്കുവച്ചത്.ഇത്തരം പോസ്റ്റുകള്‍ക്കൊപ്പം വാഹനത്തിന്‍റെ തകരാറിനെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കുന്ന ഡ്രൈവര്‍ പൂരിപ്പിച്ചു നല്‍കുന്ന ഫോം ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട് ജയദീപ്. 

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.  വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയെന്നാണ് ഡ്രൈവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്. ഏതായാലും അച്ചടക്ക നടപടി നിലനിര്‍ത്തിക്കൊണ്ടാണ് ജയദീപിനെ കെഎസ്ആര്‍ടിസി തിരിച്ചെടുത്തിരിക്കുന്നത്. ഈരാറ്റുപേട്ടക്ക് പകരം ഗുരുവായൂരിലാണ് നിയമനം

Exit mobile version