Pravasimalayaly

വധഗൂഢാലോചന കേസ്; കാവ്യ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്

വധഗൂഢാലോചന കേസില്‍ നടി കാവ്യാമാധവന് ക്രൈംബ്രാഞ്ച് നോട്ടിസ്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം. കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കേസില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവില്‍ കാവ്യ മാധവന്‍ സംസ്ഥാനത്തിന് പുറത്താണെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശബ്ദ രേഖ അടങ്ങിയ പെന്‍ഡ്രൈവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ ശരത്തും സുരാജും തമ്മിലുള്ളതും അഭിഭാഷകനും ദിലീപും തമ്മിലുള്ള സംഭാഷണമാണ് പെന്‍ഡ്രൈവിലുള്ളത്. തുടരന്വേഷണ കാലാവധി നീട്ടണമെന്ന അപേക്ഷയുടെ ഭാഗമായാണ് പ്രോസിക്യൂഷന്റെ നടപടി.

നടന്‍ ദിലീപും കൂട്ടുകാരും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ശബ്ദ രേഖ ലഭിച്ചിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദ രേഖയാണ് പുറത്തുവന്നത്. അവന്മാര്‍ ഇറങ്ങട്ടെ, വൈരാഗ്യം എന്തെന്ന് കാട്ടിക്കൊടുക്കാമെന്ന് ശബ്ദ രേഖയില്‍ പറയുന്നു. ചെയ്തതിന്റേതല്ലേ നമ്മള്‍ അനുഭവിച്ചതെന്നും ശബ്ദ രേഖയില്‍ സുരാജ് വ്യക്തമാക്കുന്നു.

Exit mobile version