കൊച്ചു തോമസ് സാർ ഇനിയില്ല : മൈതാനങ്ങളെ മൂകസാക്ഷിയാക്കി കായികാധ്യാപകൻ കെ സി തോമസ് മാഷ് യാത്രയായി

0
75

ലണ്ടൻ

കായിക ലോകത്തിന് നിരവധി അന്താരാഷ്ട്ര താരങ്ങളെ സമ്മാനിച്ച കുറവിലങ്ങാടിന്റെ സ്വന്തം കായികാധ്യാപകൻ കൊച്ചു തോമസ് സർ (കെ സി തോമസ് മാഷ് ) വിടപറഞ്ഞു. 02-09-2020 ബുധൻ രാവിലെ ആയിരുന്നു അന്ത്യം. ഫുട്ബോളിലും അത്‍ലറ്റിക്സിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും നിരവധി ശിഷ്യഗണങ്ങൾക്ക് അവ പകർന്നു നൽകുകയും ചെയ്താണ് തോമസ് മാഷ് യാത്രയായിരിക്കുന്നത്.

വിരമിച്ചതിന് ശേഷവും കുട്ടികൾക്ക് സൗജന്യമായി ഫുട്ബോളിലും അത്‍ലറ്റിക്സിലും തോമസ് സർ പരിശീലനം നൽകിയിരുന്നു. തോട്ടുവയിലെ വീട്ടിൽ നിന്നും ബൈക്കിൽ എത്തിയാണ് പരിശീലനം നൽകിയിരുന്നത്. എന്നാൽ കാലിൽ പരിക്ക് പറ്റി ബൈക്ക് ഓടിക്കാൻ കഴിയാതിരുന്ന അവസ്‌ഥയിലും സ്‌കൂളിലെത്തി പരിശീലനം നൽകി. കുറവിലങ്ങാട് സെന്റ് മേരിസ് ബോയ്സ് എൽ പി സ്കൂൾ, വിളയംകോട് ഫാത്തിമ മാതാ എൽ പി സ്കൂൾ, കുളത്തൂർ ഗവ :എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് അവസാന കാലത്ത് പരിശീലനം നൽകിയിരുന്നത്.

ബ്രസീൽ ഫുട്ബോൾ ലോകകപ്പ് നടന്ന സമയത്ത് കുട്ടികളെ അണി നിരത്തി ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മത്സരങ്ങളിൽ വിജയികൾ ആവുന്ന ടീമിന് സമ്മാനങ്ങൾ നൽകുവാനും തോമസ് സർ മുൻപന്തിയിൽ നിന്നു. ഈ മത്സരങ്ങൾ നിയന്ത്രിച്ച് ആ മേഖലയിലും തോമസ് സർ സാന്നിധ്യം അറിയിച്ചു.

ദ്രോണാചാര്യ അവാർഡ് ജേതാവ് ജോസ് ജേക്കബ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദേശിയ അന്തർദേശിയ താരങ്ങൾ ലോകമെമ്പാടും തോമസ് മാഷിന്റെ ശിഷ്യഗണത്തിൽ ഉണ്ട്.

കായിക ലോകത്ത് മാത്രമല്ല സാമൂഹ്യ പ്രവർത്തനത്തിലും തോമസ് മാഷ് മാതൃകയായി. അദ്ദേഹത്തിന്റെ ആത്മകഥയാണ് “ഓർമപ്പൂക്കൾ”

മൈതാനത്തിന്റെയും പരിശീലനത്തിന്റെയും ലോകത്ത് നിന്ന് വിടപറഞ്ഞ തോമസ് മാഷിന്റെ അസാന്നിധ്യം കായിക ലോകത്തിന് തീരാ നഷ്ടമാണ്. അത്യുന്നതിയിൽ നിന്നപ്പോളും സ്വന്തം നാടിന്റെ വളർച്ചയ്ക്കും ജീവകാരുണ്യത്തിനും സമയം കണ്ടെത്തിയ പ്രിയപ്പെട്ട അധ്യാപകന് യൂറോപ്യൻ മലയാളി അസോസിയേഷന്റെ ആദരാഞ്ജലികൾ

Leave a Reply