കുറവിലങ്ങാട് : അതിതീവ്ര ശുദ്ധജലക്ഷാമം നേരിടുന്ന കുറവിലങ്ങാട് പഞ്ചായത്തില്‍ നിലവില്‍ ഗുണഭോക്തൃ സമിതികള്‍ നടത്തി വരുന്ന പദ്ധതികള്‍ മാത്രമേയുള്ളൂ. എല്ലാ സീസണുകളിലും അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമത്തിന് പരിഹാരത്തിനായി കടുത്തുരുത്തിക്കും അനുബന്ധ വില്ലേജുകള്‍ക്കും വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറവിലങ്ങാട് പഞ്ചായത്തിലെ സമ്പൂര്‍ണ്ണ ശുദ്ധജലവിതരണ പദ്ധതിക്ക് 23 കോടി രൂപ കേരള വാട്ടര്‍ അതോറിട്ടി മുഖാന്തിരം അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയേടത്തു ചാലില്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സി. കുര്യന്‍, ബ്ലോക്ക് മെമ്പർമാരായ സിൻസി മാത്യു, കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവര്‍ അറിയിച്ചു.
വെള്ളൂര്‍-വെളിയന്നൂര്‍ ഫേസ് 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ജലവിതരണ സംഭരണികള്‍, തോട്ടുവ വരെയുള്ള മെയിന്‍ പൈപ്പ് ലൈനുകള്‍, തോട്ടുവ ജലസംഭരണിയില്‍ നിന്ന് ഓലിയ്ക്കാമലയിലെ ഭൂമിയില്‍ സ്ഥാപിക്കുന്ന സംഭരണിയിലേയ്ക്കുള്ള പമ്പിംഗ് മെയിന്‍ ലൈനും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മുളക്കുളം പഞ്ചായത്തിലെ ജാതിയ്ക്കാമലയിലെ മെയിന്‍ ടാങ്കില്‍ നിന്നുമുള്ള പൈപ്പ് ലൈനുകള്‍ തോട്ടുവ ജലസംഭരണിയിലേയ്ക്കും സ്ഥാപിച്ചിട്ടുണ്ട്.
കുറവിലങ്ങാട പഞ്ചായത്തിലെ വിവിധ വാര്‍ഡുകളെ മൂന്നു സോണുകളായി തിരിച്ച് 92.98 കീ. മീ. പൈപ്പ് ലൈന്‍ എത്തിച്ച് എല്ലാ വാര്‍ഡുകളിലും ശുദ്ധജല വിതരണ ശൃംഖലകള്‍ സ്ഥാപിച്ച് പരമാവധി ഗുണഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കാനാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നതെന്ന് നിര്‍മ്മല ജിമ്മി പറഞ്ഞു.
തോട്ടുവയിലെ ജലസംഭരണിയില്‍ ശേഖരിക്കുന്ന ശുദ്ധജലം അവിടെനിന്നും ഓലിയ്ക്കാമലയില്‍ സ്ഥാപിക്കുന്ന സംഭരണിയില്‍ വെള്ളമെത്തിക്കാന്‍ 2 കീ. മീ. പൈപ്പ് സ്ഥാപിയ്ക്കലും മൂന്നു ലക്ഷം ലിറ്ററിന്റെ ഭൂതലജലസംഭരണിയ്ക്കും 4.5 ലക്ഷം ലിറ്ററിന്റെ ഉന്നതതല സംഭരണിക്കും തോട്ടുവായില്‍ 85000 ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണിയും ഓലിയ്ക്കാമല സോണില്‍ 44 കീ. മീറ്റര്‍, വിളയംകോട് സോണില്‍ 26.9 കീ. മീ., കുറവിലങ്ങാട് സോണില്‍ 29.9 കീ. മീ. വിതരണ പൈപ്പ് സ്ഥാപിക്കലിനും (മൊത്തം 92.98 കീ. മീ.) 2500 ഗാര്‍ഹിക കണക്ഷനും തോട്ടുവ പമ്പിംഗ് സ്റ്റേഷനില്‍ രണ്ട് 50 എച്ച്. പി. പമ്പുകളും സ്ഥാപിക്കാന്‍ ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നു.
കുറവിലങ്ങാട് സമ്പൂര്‍ണ്ണ ശുദ്ധജല പദ്ധതിക്കായി വാട്ടര്‍ അതോറിട്ടിയ്ക്ക് ഓലിയ്ക്കാമലയില്‍ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും അവിടേയ്ക്കുള്ള റോഡിനാവശ്യമായ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നേടിയെടുക്കാന്‍ മുന്‍ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് പി. സി. കുര്യന്റെ നേതൃത്വത്തില്‍ 2015 മുതല്‍ നടത്തിയ തീവൃപരിശ്രമമാണ് ഈ പ്രൊജക്ടിലൂടെ ഫലപ്രാപ്തിയിലെത്താന്‍ സഹായമായത്. തോട്ടുവാ ഭൂതല സംഭരണിക്ക് വലിയകണ്ടത്തിൽ അബ്രാഹം വക ഒരു സെന്റ് സ്ഥലം സൗജന്യമായും, ഓലിയ്ക്കാമല ടാങ്കിന് കോയിക്കൽ റോസമ്മയുടെ 14 സെന്റ് സ്ഥലം പൊന്നും വിലക്കും വാട്ടർ അതോറിട്ടിക്ക് ലഭ്യമാക്കാനും പി. സി. കുര്യന്റെ നിതാന്ത പരിശ്രമത്തിലൂടെ സാധിച്ചു.
23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയ്ക്ക് 22.6 കോടിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ ചെയ്ത് മെസേർസ്.; ജെ. & ബി. എഞ്ചിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുകയും പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മ്മാണ ഉത്ഘാടനം മന്ത്രിയുടെ സൗകര്യപ്രദമായ തീയതി ലഭ്യമാക്കി ഉടന്‍ നടത്തുമെന്ന് നിര്‍മ്മല ജിമ്മി വ്യക്തമാക്കി.
പൊതുമാരാമത്ത് വകുപ്പ് അനുമതി കൂടി ലഭ്യമാക്കി 34 കീ. മീ. പൈപ്പ് സ്ഥാപിച്ചാലാണ് ഈ പദ്ധതി സമ്പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. 2024നു മുമ്പ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഇടപെടലുകള്‍ നടത്താന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യനുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
; കടപ്ലാമറ്റം, കാണക്കാരി, മാഞ്ഞൂർ എന്നീ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെയും വാട്ടർ അതോറിട്ടി നടപ്പാക്കുന്ന മറ്റു പദ്ധതികളുടെയും പ്രവർത്തന പുരോഗതി വിലയിരുത്താൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി അറിയിച്ചതായി നിർമ്മല ജിമ്മി പറഞ്ഞു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് -പ്രസിഡന്റ് ബൈജു ജോണ്‍ പുതിയേടത്തു ചാലില്‍, ജില്ലാ പഞ്ചായത്തംഗം പി. എം. മാത്യൂ ഉഴവൂര്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സി. കുര്യന്‍, മുന്‍ ഗ്രാമപഞ്ചായത്തംഗം സിബി മാണി, ബ്ലോക്ക് മെമ്പർമാരായ സിൻസി , മാത്യു, കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.