Pravasimalayaly

സെമികേഡര്‍ സ്വഭാവത്തിലേയ്ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) : പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജനഅടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി

കോട്ടയം

കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജനഅടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി
പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി.

കൂടുതല്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം കൂടുതല്‍ കേഡര്‍മാരെ കണ്ടെത്തുന്നതിനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മെമ്പര്‍ഷിപ്പില്‍ വരുത്തിയ ഭേദഗതിയാണ് ഏറ്റവും പ്രധാനം. ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള കേരളാ കോണ്‍ഗ്രസ്സ് (എം) അനുഭാവികള്‍ക്ക് ഓണ്‍ലൈനായി സാധാരണ അംഗത്വം കരസ്ഥമാക്കാവുന്നതാണ്. സജീവ അംഗത്വമുള്ളവര്‍ക്ക് മാത്രമെ പാര്‍ട്ടിയുടെ സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും, മത്സരിക്കാനും, ഭാരവാഹി ആകുവാനും അവകാശം ഉണ്ടായിരിക്കുകയുള്ളൂ. കെ.എം മാണി സ്മൃതി ദിനമായ എല്ലാ വര്‍ഷവും ഏപ്രില്‍ 9 കാരുണ്യദിനമായി ആചരിക്കും. താഴെ തട്ട് മുതലുള്ള പാര്‍ട്ടി കമ്മറ്റികളെ ചലനാത്മകമാക്കുന്നതിനും, പാര്‍ട്ടി ഭാരവാഹികള്‍ക്ക് സംഘടനാപരമായി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതിനും ഭരണഘടനാ ഭേഗഗതി ലക്ഷ്യമിടുന്നു. വാര്‍ഡ് കമ്മറ്റി മുതല്‍ സംസ്ഥാന ഉന്നതാധികാര സമിതി വരെയുള്ള വിവിധ പാര്‍ട്ടി ഘടകങ്ങളിലെ അംഗങ്ങളുടെയും, ഭാരവാഹികളുടെയും എണ്ണം മുമ്പുണ്ടായിരുന്നതില്‍ നിന്നും കുറയക്ക്ന്നതിനും തീരുമാനിച്ചു. നിലവില്‍ 111 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഇനി 91 പേര്‍ മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ല്‍ നിന്നും 15 ആയി കുറയ്ക്കുവാനും സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് എന്നാക്കുവാനും തീരുമാനിച്ചു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പുവരുത്തുന്നതിനായി വാര്‍ഡ് തലം മുതല്‍ ഭാരവാഹികളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തും. കൂടുതല്‍ സ്ത്രീകളെ സംഘടനാരംഗത്ത് കൊണ്ടുവരുന്നതിനായി വിവിധ കമ്മറ്റികളില്‍ വനിതാ പ്രതിനിധ്യം ഉറപ്പുവരുത്താനും തീരുമാനമായി.

കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ സംഘടനാ തെരെഞ്ഞെടുപ്പ് ആരംഭിക്കും. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാര്‍ഡ് തലം മുതലുള്ള സംഘടനാ തെരെഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഇടയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പോഷകസംഘടനകളും, ഫോറങ്ങളും രൂപീകരിക്കും. സംസ്‌ക്കരവേദി, കേരളാ കോണ്‍ഗ്രസ്സ് പ്രഫഷണല്‍സ് ഫോറം, കേരള പ്രവാസി കോണ്‍ഗ്രസ്സ് (എം), എക്‌സ് സര്‍വ്വീസ്‌മെന്‍ ഫോറം, കേരള സഹകാരി ഫോറം എന്നിവ പുതുതായി രൂപീകരിക്കും.

പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണി സാറിന്റെ പേരില്‍ സാമൂഹിക ജലസേചന പദ്ധതി പ്രഖ്യാപിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെയും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനേയും യോഗം അഭിനന്ദിച്ചു. കേരളത്തില്‍ കോവിഡ് വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോഴും കേരളത്തിന് ആവശ്യമായ വാക്‌സിനന്‍ നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ യോഗം അപലപിച്ചു.

ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, തോമസ് ചാഴിക്കാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version