കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ രാജ്യത്തെ കർഷകരെ കടക്കെണിയിലാക്കിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു.കർഷകയൂണിയൻ എം സംസ്ഥാന നേതൃസംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കർഷകരെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറ വച്ച് പാർലമെന്റിൽ ചർച്ച ചെയ്യാൻ പോലും തയ്യാറാകാതെ മോദി ഗവൺമെന്റ് കരിനിയമങ്ങൾ കർഷകർക്ക് മേൽ അടിച്ചേൽപ്പിക്കാൻ പരിശ്രമിക്കുകയാണ്. കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിച്ചേ മതിയാകു.കർഷകരെ രണ്ടാംകിട പൗരൻമാരായി കാണുന്ന പ്രവണതയാണ് നിലനിൽക്കുന്നത്.ബഹുരാഷ്ട്ര കുത്തകകൾക്ക് വേണ്ടി സർക്കാർ കർഷകരെ ചൂഷണം ചെയ്യുകയാണ്.രാസവളവിലവർദ്ധനവും പാചകവാതക, പെട്രോൾ ഡീസൽ വില വർദ്ധനയും ജനങ്ങളെ ആകെമാനം ദുരിതത്തിലാക്കി യിരിക്കെയാണ്.കാർഷിക കടങ്ങൾ എഴുതി തള്ളുകയും പലിശരഹിത വായ്പ അനുവദിക്കാനും കേന്ദ്രം തയ്യാറാകണം.ഡൽഹി കർഷക സമരത്തിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അവഗണിക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്നും ജോസ് കെ മാണി എംപി പറഞ്ഞു.
കാർഷിക ജലസേചനത്തിന് പ്രാമുഖ്യം നൽകും മന്ത്രി റോഷി അഗസ്റ്റിൻ
സംസ്ഥാനത്ത് സമഗ്ര ജലനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാവർക്കും കുടിവെള്ളം നൽകുന്നതോടൊപ്പം കാർഷിക മേഖലയിൽ ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനും പ്രാമുഖ്യം നൽകുമെന്നും ഇതിനായി കൃഷി, വൈദ്യുതി, സഹകരണ വകുപ്പുകളുടെ സഹകരണത്തോടെ കെ.എം മാണി ഊർജ്ജിത കാർഷിക ജലസേചന പദ്ധതി നടപ്പിലാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി കഴിഞ്ഞു വെന്നും യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി യ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.കർഷകയൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, അഡ്വ ജോബ് മൈക്കിൾ എംഎൽഎ, സണ്ണി തെക്കേടം, വിജി എം തോമസ്,ജെന്നിംഗ്സ് ജേക്കബ്,നിർമ്മല ജിമ്മി, ജോർജ്ജ് എബ്രഹാം, കെ.പി.ജോസഫ്,ഡാന്റിസ് കൂനനാനിക്കൽ,ഇസഡ് ജേക്കബ്,എ എച്ച് ഹഫീസ്, സേവ്യർ കളരി മുറി,മത്തച്ചൻ പ്ളാത്തോട്ടം, ജോസഫ് ചാമക്കാല,ജോൺ മുല്ലശ്ശേരി, ജെയിംസ് മാരൂർ, ജോസ് സി കലൂർ, ജോസ് കെ.ജെ, അൽഫോൻസ് കെഎഫ്, റെജി ഓലിക്കരോട്ട്, ജോസഫ് പൈമ്പിള്ളിൽ, സജിമോൻ കോട്ടയ്ക്കൽ,ജോൺ വെളിയത്ത്,രാജൻ ഏഴംകുളം, സന്തോഷ് യോഹന്നാൻ, ജോൺ പീലിയാനിക്കൽ, തങ്കച്ചൻ മരോട്ടിമൂട്ടിൽ, മാത്യു പൊട്ടംപ്ളാവൻ, ജിജി വാളിയംപ്ളാക്കൽ,ജോഫി ജോസഫ്,ജോസി പുതുമന, സ്റ്റാൻലി കുന്നുംപുറം, തുടങ്ങിയവർ പ്രസംഗിച്ചു