കോട്ടയം: കേരള ത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുവാൻ ത്യാഗം ചെയ്തവരാണ് വിദേശ മലയാളികളെന്ന് കേരള കോൺഗ്രസ് എംസംസ്ഥാന ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ പറഞ്ഞു. കോട്ടയത്ത് പ്രവാസി കേരള കോൺഗ്രസ് (എം) സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന് വിത്തുപാകിയത് തൻന്റെ വ്യക്തിപരമായ സുഖസൗകര്യങ്ങൾ വേണ്ടെന്നുവച്ച് അന്യരാജ്യങ്ങളിൽ പോയി എല്ലുമുറിയെ പണിയെടുത്ത മലയാളികളാണ്. പക്ഷേ അവർ വിദേശരാജ്യങ്ങളിലെ തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ അർഹിക്കുന്ന പിന്തുണയും പ്രോത്സാഹനവും നമ്മുടെ നാട്ടിൽ ലഭിക്കുന്നില്ല എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ പോലുള്ള സർക്കാർ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മിതമായ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കും. വിദേശ മലയാളികൾ നാട്ടിലെത്തി വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ കൂടുതൽ പ്രോത്സാഹനവും നികുതിയിളവുകളും ലഭ്യമാക്കേണ്ടതുണ്ട് ഇക്കാര്യത്തിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തും.
പ്രവാസി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുവാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ്(എം)സംസ്ഥാന കോർഡിനേറ്റർ ഡോ ജോർജ് എബ്രഹാം അധ്യഷത വഹിച്ചു സംസ്ഥാന കൺവീനർ തങ്കച്ചൻ പൊന്മാങ്കൽ, കേരള കോൺഗ്രസ് മീഡിയ കോർഡിനേറ്റർ വിജി എം തോമസ്,നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ, തോമസ് മോഡി, രാജീവ് വഞ്ചിപ്പാലം, ജോണി ഏബ്രഹാം, ജോസ് മമ്മൂട്ടിൽ, ജെറി ഏബ്രഹാം, ബഷീർ പാങ്ങോട്, തോമസ് കുഴിമണ്ണിൽ, കിൻസ്റ്റൺ രാജാ തുടങ്ങിയവർ പ്രസംഗിച്ചു