യുക്രെയിനില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന സൗകര്യം ഒരുക്കണം : കേരള കോൺഗ്രസ്‌ എം

0
396

തിരുവനന്തപുരം: യുക്രെയിനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതു പോലെ തന്നെ അവര്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളാണ് യുക്രെയിനില്‍ കുടുങ്ങി കിടക്കുന്നത്. അവരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. മടങ്ങിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യ യാത്ര ഉള്‍പ്പെടെ സജ്ജമാക്കുന്നത് അഭിനന്ദനാര്‍ഹമാണ്. കൂടുതല്‍ വിമാനങ്ങള്‍ ഇവര്‍ക്കായി ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുക്രെയിനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഭൂരിപക്ഷവും വിദ്യാഭ്യാസ വായ്പ എടുത്താണ് ഉപരിപഠനത്തിനു പോയത്. ഇപ്പോഴത്തെ സംഘര്‍ഷം തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇവരുടെ തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനായി പദ്ധതികള്‍ തയാറാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് പ്രൊഫ. എന്‍. ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply