Friday, November 22, 2024
HomeNewsകേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ;ഇന്ന് നിര്‍ണായക പ്രഖ്യാപനം

കേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ;ഇന്ന് നിര്‍ണായക പ്രഖ്യാപനം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തെത്തിയ അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പ്രവര്‍ത്തകരുടെ നേതൃത്തില്‍ വമ്പന്‍ സ്വീകരണമാണ് നല്‍കിയത്. കിഴക്കമ്പലത്ത് ഇന്ന് നടക്കുന്ന പൊതുസമ്മേളത്തില്‍ കെജ്രിവാള്‍ പ്രസംഗിക്കും. തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആം ആദ്മിട്വന്റി 20 സഖ്യം പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. എന്നാല്‍, തൃക്കാക്കരയില്‍ സഖ്യത്തിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കും. പുതിയ ബദലിനുള്ള കളമൊരുക്കലാകും കെജ്‌രിവാളിന്റെ കിഴക്കമ്പലം പൊതുസമ്മേളനം.
ഡല്‍ഹിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തില്‍ ബദല്‍ നീക്കങ്ങള്‍ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്. മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉപ തെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാര്‍ട്ടികളും സംയുക്തമായി അറിയിച്ചത്.
തൃക്കാക്കരയില്‍ ഇനി സംയുക്ത സഖ്യം എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ആകാംക്ഷ. ഇതിന് യുഡിഎഫിന് അനുകൂലമായ സൂചനകളാണ് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് നല്‍കുന്നത്. പഴയ വൈരം വിട്ട കോണ്‍ഗ്രസ് ഇരുകയ്യും നീട്ടി ട്വന്റി 20 യെ സ്വാഗതം ചെയ്തു കഴിഞ്ഞു. സമീപകാലത്തെ എതിര്‍പ്പുകള്‍ മാറ്റി സാബുവിനെ പിണക്കാന്‍ സിപിഎമ്മും തയ്യാറല്ല. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കുന്ന പരസ്യനിലപാട് സഖ്യം പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. മനസാക്ഷി വോട്ടിനാകും ആഹ്വാനമെന്നാണ് സൂചന. തൃക്കാക്കരക്ക് ശേഷവും സഖ്യം തുടരുന്നതില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മത്സരിക്കാത്തതില്‍ ആപ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments